തിരുവനന്തപുരം: അഴിമതി ആരോപണം ഉയര്‍ന്ന മൂന്ന് കേസുകളില്‍ കെ.എം മാണിക്കെതിരേ തെളിവില്ലെന്ന്
വിജിലന്‍സിന്റെ ത്വരിതാന്വേഷണ റിപ്പോര്‍ട്ട്. കെഎസ്എഫ്ഇയിലെ നിയമനങ്ങള്‍, ഗവണ്മെന്റ് പ്ലീഡര്‍മാരുടെ നിയമനം, കോട്ടയത്ത് നടത്തിയ സമൂഹവിവാഹം എന്നീ കേസുകളില്‍ മാണിക്ക് പങ്കില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. റിപ്പോര്‍ട്ട് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.
സ്വകാര്യ ഹര്‍ജിയിലാണ് വിജിലന്‍സ് കോടതി ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടത്. മാണിക്കെതിരേ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും തുടര്‍ നടപടികള്‍ ആവശ്യമില്ലെന്നും വിജിന്‍സ് ഡിവൈഎസ്പി നജ്മുല്‍ ഹസന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സുവര്‍ണജൂബിലിയോട് അനുബന്ധിച്ചാണ് കോട്ടയത്ത് സമൂഹവിവാഹം നടത്തിയത്. ഇതിനായി ചെലവഴിച്ച അഞ്ച് കോടി രൂപ ബാറുടമകളില്‍ നിന്ന് കോഴയായി കൈപ്പറ്റിയതാണെന്നായിരുന്നു ആരോപണം.
കെഎസ്എഫ്ഇ നിയമനങ്ങളില്‍ കെ.എം മാണി മൂന്ന് ലക്ഷം രൂപ മുതല്‍ കോഴ വാങ്ങിയെന്നും ഗവണ്മെന്റ് പ്ലീഡര്‍മാരുടെ നിയമനങ്ങളില്‍ 10 ലക്ഷം രൂപ വരെ കോഴ വാങ്ങിയെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.