ഹവാന: അന്തരിച്ച മുന്‍ ക്യൂബന്‍ പ്രസിഡന്റ് ഫിദല്‍ കാസ്ട്രോയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലുളള ഇന്ത്യന്‍ പ്രതിനിധി സംഘം ക്യൂബയിലെത്തി. വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ അടക്കം എട്ടംഗ സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.
ഇന്ത്യയും ക്യൂബയും തമ്മിലുളള ബന്ധം മെച്ചപ്പെടുത്താന്‍ കാസ്‌ട്രോ നല്‍കിയ സംഭാവനകള്‍ ഇന്ത്യന്‍ ജനത എന്നും വിലപ്പെട്ടതായി കരുതുമെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീന ശക്തിയുളള രാഷ്‌ട്രീയ നേതാക്കളില്‍ ഒരാളായിരുന്നു കാസ്‌ട്രോയെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ചയാണ് പ്രതിനിധി സംഘം ക്യൂബയിലേക്ക് തിരിച്ചത്.
ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കര്‍ എം. തമ്പിദുരൈ, മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആനന്ദ് ശര്‍മ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ നേതാവ് ഡി. രാജ, സമാജ് വാദി പാര്‍ട്ടി നേതാവ് ജാവേദ് അലി ഖാന്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ട്.
ഞായറാഴ്ച തെക്ക് -കിഴക്കന്‍ നഗരമായ സാന്റിയാഗോ ഡി ക്യൂബയിലാണ് കാസ്‌ട്രോയുടെ ചിതാഭസ്മം അടക്കം ചെയ്യുക.