കണ്ണൂര്‍: കെ.ടി.ജയകൃഷ്ണന് മാസ്റ്ററുടെ ധീരബലിദാനത്തിന് ഇന്ന് പതിനേഴ് വയസ്സ്. മാര്‍ക്സിസ്റ്റ് അസിഹ്ഷുതാ രാഷ്ട്രീയത്തിന്റെ ഏറ്റവും ക്രൂരമായ മുഖമായിരുന്നു യുവമോര്‍ച്ച നേതാവ് കെ.ടി.ജയകൃഷ്ണന്റെ കൊലപാതകം. പ്രിയങ്കരനായ തങ്ങളുടെ നേതാവിന്റെ പതിനേഴാം ബലിദാനദിനത്തില്‍ നാട്ടുകാരും സഹപ്രവര്‍ത്തകരും അനുസ്മരണം നടത്തുമ്പോഴും അദ്ദേഹത്തെ കൊന്നവരും കൊല്ലിച്ചവരും ഇന്നും നാട്ടില്‍ സ്വൈര്യവിഹാരം നടത്തുന്നു.
1999 ഡിസംബര്‍ ഒന്നിനായിരുന്നു മനുഷ്യമനസ്സാക്ഷിയെ നടുക്കിയ ആ കൊലപാതകം. പത്ത് വയസ്സുമാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നിലിട്ട് അവരുടെ പ്രിയപ്പെട്ട അദ്ധ്യാപകനെ ഒരു സംഘം ക്രമിനിലുകള്‍ വെട്ടിക്കൊലപ്പെടുത്തിയത് കേരളത്തെ മാത്രമല്ല, ഭാരതത്തെ ഒന്നാകെ ഞെട്ടിച്ച സംഭവമായിരുന്നു. യുവമോര്‍ച്ചയുടെ സംസ്ഥാന ഉപാദ്ധ്യക്ഷനായിരുന്നു അന്ന് കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍.
കുട്ടികളുടെ പ്രിയങ്കരനായ അദ്ധ്യാപകന്, നാട്ടുകാര്‍ക്ക് എന്താവശ്യത്തിനും ഓടിയെത്തുന്ന പൊതുപ്രവര്ത്തകന്, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എല്ലാംതികഞ്ഞ നേതാവ്. ഇതെല്ലാമായിരുന്നു ജയകൃഷ്ണന് മാസ്റ്റര്‍. അതുകൊണ്ടുതന്നെ ആ മരണം സൃഷ്ടിച്ച ശൂന്യത ഇന്നും നിലനില്ക്കുന്നു.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്നാണ് ജയകൃഷ്ണന് മാസ്റ്റര്‍ വധത്തെ നീതിപീഠം വിശേഷിപ്പിച്ചത്. ക്ലാസ് മുറിയില്‍ പഠിപ്പിച്ചുകൊണ്ടിരിക്കെ പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നില്‍ വച്ച് ഒരദ്ധ്യാപകന് ക്രൂരമായി കൊല്ലപ്പെട്ട സംഭവം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം തന്നെയായിരുന്നു. കൊലപാതക്കേസിലെ പ്രതികളെ സുപ്രീംകോടതി വെറുതെ വിട്ടെങ്കിലും യഥാര്‍ത്ഥ പ്രതികളാരൊക്കെയായിരുന്നു എന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ അറസ്റ്റിലായ പ്രതിൾ വെളിപ്പെടുത്തി.
അതേ തുടര്‍ന്ന് പുനരന്വേഷണത്തിന് ആവശ്യമുയര്‍ന്നെങ്കിലും നിയമതടസ്സങ്ങളുടെ പേരില്‍ ഇപ്പോഴും ഇക്കാര്യം അനിശ്ചിതത്വത്തിലാണ്. പതിനേഴാം ബലിദാനദിനമായ ഇന്ന് കണ്ണൂര്‍ ജില്ലയിലെ പതിനായിരക്കണക്കിന് ബി.ജെ.പി പ്രവര്‍ത്തകര്‍ തലശ്ശേരിയില്‍ നടക്കുന്ന അനുസ്മരണ റാലിയില്‍ അണിചേരും.