തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതിനുളള മുഴുവന്‍ തുകയും ആര്‍ബിഐ എത്തിച്ചില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. 153 കോടി രൂപ ചോദിച്ച സ്ഥാനത്ത് രാവിലെ 11.30 വരെ
75 കോടി രൂപ മാത്രമാണ് എത്തിച്ചതെന്നും തോമസ് ഐസക് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഗ്രാമപ്രദേശങ്ങളിലെ 42 ട്രഷറികളില്‍ പണമില്ലാത്ത അവസ്ഥയാണ്. എന്നാല്‍ ലഭ്യമായ തുക കൊണ്ട് മുടക്കമില്ലാതെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ കഴിയുന്നുണ്ടെന്നും തോമസ് ഐസക് പറഞ്ഞു. എവിടെയും അനിഷ്ടസംഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. തിരുവനന്തപുരത്ത് 20 കോടി രൂപ ചോദിച്ചപ്പോള്‍ 15 കോടി രൂപയാണ് കിട്ടിയതെന്നും മന്ത്രി പറഞ്ഞു. അഞ്ച് ലക്ഷം പേര് ട്രഷറി വഴിയും അഞ്ച് ലക്ഷം പേര് ബാങ്ക് അക്കൗണ്ടുകള്‍ വഴിയുമാണ് പണം പിന്‍വലിക്കുന്നത്. ഇതിന് പുറമേ അന്‍പതിനായിരം പേര്‍ക്ക് ട്രഷറിയില്‍ നിന്നും നേരിട്ട് പണമായിട്ടാണ് തുക വിതരണം ചെയ്യുന്നത്.
ട്രഷറികളില്‍ രാവിലെ കുറച്ച് പണം വീതം വിതരണം ചെയ്യുന്ന അവസ്ഥയുണ്ടായിരുന്നു. എന്നാല്‍ അത് വേണ്ടെന്ന് സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയായ 24,000 രൂപയില്‍ കൂടുതല്‍ ശമ്പളം ഉളളവര്‍ക്ക് ആ തുക നല്‍കണമെന്ന് നിര്‍ദ്ദേശം നല്‍കിയതായി തോമസ് ഐസക് പറഞ്ഞു. മുഴുവന്‍ തുകയും നല്‍കാനില്ലെങ്കില്‍ അടുത്തുളള മറ്റ് ട്രഷറികളില്‍ നിന്നും പണം പിന്‍വലിക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും മന്ത്രി പറഞ്ഞു.
ആറ് മണി വരെ ട്രഷറികള്‍ തുറന്ന് പ്രവര്‍ത്തിക്കും. ബാങ്കുകള്‍ വഴി ശമ്പളം വിതരണം ചെയ്യുന്നതിലും പ്രശ്നങ്ങള്‍ നേരിടുമെന്നും പല ബാങ്കുകൡും പണമില്ലെന്നും തോമസ് ഐസക് പറഞ്ഞു.