ചെന്നൈ: നാഡ ചുഴലിക്കാറ്റിന് മുന്നോടിയായി തമിഴ്നാടിന്റെ തീരപ്രദേശങ്ങളില്‍ കനത്ത മഴ. ഗൂഡല്ലൂരും ചെന്നൈയുടെ വിവിധ മേഖലകളിലും മഴ പെയ്തു. നിലവില്‍ പുതുച്ചേരിക്ക് 270 കിലോമീറ്റര്‍ കിഴക്ക്-തെക്ക് രൂപം കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റ് നാളെ രാവിലെയാണ് തമിഴ്നാട് തീരത്ത് വീശുക. മത്സ്യത്തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് തീരത്തോട് അടുക്കുന്നത്. ഗൂഡല്ലൂരിന് സമീപം വേദാരണ്യത്തിനും പുതുച്ചേരിക്കും ഇടയിലെ തീരപ്രദേശങ്ങളിലാണ് ചുഴലിക്കാറ്റ് ആദ്യം അനുഭവപ്പെടുക. അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാന്‍ 1070, 1077 എന്നീ ടോള്‍ ഫ്രീ നമ്പറുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്ത നിവാരണ സേനയുള്‍പ്പെടെ തയ്യാറെടുത്തുകഴിഞ്ഞു. സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ നാവികസേനയുടെ സത്പുര, ശക്തി കപ്പലുകളും സജ്ജമാക്കിയിട്ടുണ്ട്.