കാസർകോട്: മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ വന്‍ കുഴല്‍പ്പണ വേട്ട. ബാഗില്‍ ഒളിച്ചു കടത്തുകയായിരുന്ന 500, 1000 നോട്ടുകളുടെ 20 ലക്ഷം രൂപയാണ് എക്‌സൈസ് പിടികൂടിയത്. സംഭവത്തില്‍ കാസർകോട് ചൗക്കി സ്വദേശി അബ്ദുള്‍ ഗഫൂറിനെ എക്‌സൈസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കര്‍ണ്ണാടക കെ.എസ്.ആർ.ടി.സി ബസില്‍ കാസർകോട്ടേയ്‌ക്കു കടത്തുകയായിരുന്ന 20 ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ വച്ച് എക്‌സൈസ് പിടിച്ചെടുത്തത്. നിരോധിച്ച 500, 1000 രൂപാ നോട്ടുകള്‍ കെട്ടുകളാക്കി ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. മുംബൈയില്‍ നിന്നുമാണ് പണം എത്തിച്ചതെന്ന് ചോദ്യം ചെയ്യലില്‍ യുവാവ് വ്യക്തമാക്കിയതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ഈ തുക എന്തിനു കൊണ്ടു പോകുന്നു, ആർക്കു കൊടുക്കാൻ കൊണ്ടു പോകുന്നു തുടങ്ങിയ വിശദാംശങ്ങളേക്കുറിച്ച് അന്വേഷണം നടത്തി വരുന്നതേയുളളെന്ന് എക്സൈസ് സി.ഐ ഹരിദാസൻ പറഞ്ഞു.
കറന്‍സി നിരോധനത്തിന് ശേഷം ജില്ലയില്‍ ആദ്യമായാണ് ഇത്രയും വലിയ കുഴല്‍പ്പണ വേട്ട നടക്കുന്നത്. മുമ്പ് 6 ലക്ഷം രൂപയുടെ പുതിയ 2000 രൂപാ നോട്ടുകളുമായി 5 അംഗ സംഘം കാസർകോട് ടൗണ്‍ പോലീസിന്റെ പിടിയിലായിരുന്നു. കള്ളപ്പണം വെളുപ്പിക്കുന്ന സംഘവുമായി ഇയാള്‍ക്ക് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിച്ചു വരികയാണ്.