മൊറാദാബാദ്: ജനങ്ങളാണ് തന്റെ ഹൈക്കമാന്‍ഡ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുപിയിലെ മൊറാദാബാദില്‍ ബിജെപിയുടെ പരിവര്‍ത്തന്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അറുപത് വര്‍ഷത്തിലധികമായി പഞ്ചസാരയും മണ്ണെണ്ണയും ഗോതമ്പും വാങ്ങാന്‍ ക്യൂ നില്‍ക്കേണ്ടി വന്ന രാജ്യമാണ് നമ്മുടേത്. ഈ കാത്തുനില്പുകള്ക്ക് അവസാനമിടാന്‍ വേണ്ടിയാണ് ഇപ്പോഴത്തെ ക്യൂവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജനങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ ഈ യുദ്ധത്തിനിറങ്ങിയത്. അഴിമതിക്കാര്‍ക്ക് തന്നെ എന്ത് ചെയ്യാനാകുമെന്നും പ്രധാനമന്ത്രി ചോദിച്ചു. രാജ്യത്തെ ചിലര്‍ തന്നെ കുറ്റപ്പെടുത്തുന്നതില്‍ അതിശയം തോന്നുന്നു. ഒരിക്കല്‍ രാജ്യത്തെ കൊളളയടിച്ചുകൊണ്ടിരുന്നവര് ഇന്ന് അതിന് കണക്കുപറയേണ്ടി വരുന്നതാണോ ചെയ്ത കുറ്റമെന്നും പ്രധാനമന്ത്രി ചോദിച്ചു. അഴിമതിക്കെതിരാണെങ്കിലും അതിന് വേണ്ടി ഒന്നും ചെയ്യാന്‍ കഴിയാത്ത നിസ്സഹായാവസ്ഥയിലായിരുന്നു രാജ്യം. പക്ഷെ ഇപ്പോള്‍ അതിനായി പോരാടാന്‍ കഴിയുമെന്ന് ജനങ്ങള്‍ക്ക് ബോധ്യം വന്നിരിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
കളളപ്പണം പൂഴ്ത്തിയവര്‍ ഇന്ന് പാവപ്പെട്ടവരുടെ വീടുകള്‍ക്ക് മുന്പില് സഹായം ചോദിച്ചു ക്യൂ നില്‍ക്കുകയാണ്. കൊച്ചുവര്‍ത്തമാനം പറഞ്ഞ് കൈയ്യിലുളള കളളപ്പണം അവരുടെ ജന്‍ധന്‍ അക്കൗണ്ടുകളില്‍ ഇടുന്നു. അങ്ങനെ ഇടുന്ന പണം തിരികെ ചോദിച്ചാല്‍ നല്‍കരുതെന്നും അവര്‍ ഭീഷണിപ്പെടുത്തിയാല്‍ തന്നെ അറിയിച്ചാല്‍ മതിയെന്നുമുളള പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഹര്‍ഷാരവത്തോടെയാണ് ജനക്കൂട്ടം സ്വീകരിച്ചത്. പാവങ്ങളുടെ ജന്‍ധന്‍ യോജന അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ച് രക്ഷപെടാന്‍ നോക്കുന്നവരെ പിടികൂടാനുളള വഴിയും തേടിത്തുടങ്ങിയതായി പ്രധാനമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യം ലഭിച്ച് എഴുപത് വര്‍ഷത്തോളമായിട്ടും എന്തുകൊണ്ടാണ് എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി ഇല്ലാത്തതെന്നായിരുന്നു അധികാരത്തിലെത്തിയപ്പോള്‍ ഉദ്യോഗസ്ഥരോട് താന്‍ ചോദിച്ച ചോദ്യങ്ങളില്‍ ഒന്ന്. ഇക്കാര്യത്തില്‍ പല സര്‍ക്കാരുകളും പല പ്രഖ്യാപനങ്ങളും പലവട്ടം നടത്തിയിരുന്നു. എന്നാല്‍ ഒന്നും യാഥാര്‍ഥ്യമായില്ല. വൈദ്യുതി ഇല്ലാത്ത എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കുമെന്ന് താന്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ അത് നിറവേറ്റിക്കൊണ്ടിരിക്കുകയാണ്. ദാരിദ്ര്യം തുടച്ചുനീക്കണമെങ്കില്‍ യുപിയും ബിഹാറും മഹാരാഷ്ട്രയും പോലുളള വലിയ സംസ്ഥാനങ്ങളുടെ വികസനം യാഥാര്‍ഥ്യമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.