ന്യൂഡല്‍ഹി: ഖത്തറുമായി ഇന്ത്യ അഞ്ച് കരാറുകളില്‍ ഒപ്പുവെച്ചു. വീസ, സൈബര്‍ മേഖലകളിലും വിവിധ നിക്ഷേപ മേഖലകളിലുമാണ് സഹകരണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യം വെച്ചുളള കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുളള ബിന്‍ നസീര്‍ ബിന്‍ ഖാലിഫ അല്‍ താനിയുമായി നടത്തിയ ചര്‍ച്ചയിലാണ് കരാറുകളില്‍ തീരുമാനമായത്.
രാവിലെ ഹൈദരാബാദ് ഹൗസില്‍ വെച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇരുരാജ്യങ്ങളുടെയും ഉന്നതതല പ്രതിനിധി സംഘങ്ങളുടെ ചര്‍ച്ചയും നടന്നു. ഊര്‍ജ്ജ, വ്യാപാര, സുരക്ഷാ മേഖലകളിലെ സഹകരണമായിരുന്നു ചര്‍ച്ചയിലെ മുഖ്യവിഷയങ്ങള്‍. സൈബര്‍ സുരക്ഷ ഉള്‍പ്പെടെയുളള പ്രതിരോധ, സുരക്ഷാ മേഖലകളിലെ സഹകരണം ചര്‍ച്ചയായി. കളളപ്പണം വെളുപ്പിക്കുന്നതും തീവ്രവാദ ഫണ്ടിംഗും തടയുന്നത് ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ ഒരുമിച്ചുളള സഹകരണം കൂടുതല്‍ കാര്യക്ഷമമാക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു.
ഇന്ത്യയും ഖത്തറും തമ്മിലുളള ബന്ധം മെച്ചപ്പെടുന്നതിന്റെ തെളിവുകളാണ് ഇരുരാജ്യങ്ങളും ഒപ്പിട്ട കരാറുകളെന്നും ഇന്ത്യ ഏറെ വിലമതിക്കുന്ന പങ്കാളിയാണ് ഖത്തറെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യയിലെ അടിസ്ഥാന സൗകര്യവികസന മേഖലയിലും ഊര്‍ജ്ജ മേഖലയിലും നിക്ഷേപം നടത്താന്‍ ഖത്തറിന് വിപുലമായ അവസരങ്ങളാണ് ഉളളതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതായി വിദേശകാര്യമന്ത്രാലയം വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
ഊര്‍ജ്ജ മേഖലയില്‍ കൊടുക്കല്‍-വാങ്ങല്‍ ബന്ധത്തിന് അപ്പുറം സംയുക്ത സംരംഭങ്ങള്‍ക്കും സംയുക്ത വികസന-ഗവേഷണ പദ്ധതികള്‍ക്കും ഇരുരാജ്യങ്ങളും തയ്യാറാകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഖത്തറിലെ ഹൈഡ്രോകാര്‍ബണ്‍ മേഖലയില്‍ ചെറുതും വലുതുമായ നിക്ഷേപം നടത്താന്‍ ഇന്ത്യന്‍ കമ്പനികള്‍ സന്നദ്ധമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
വ്യാപാര പങ്കാളിയെന്നതിന് അപ്പുറം ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ എല്‍എന്‍ജി വിതരണം ചെയ്യുന്ന രാജ്യം കൂടിയാണ് ഖത്തര്‍. 2015-16 ല്‍ എല്‍എന്‍ജി ഇറക്കുമതിയുടെ 66 ശതമാനവും ഖത്തറില്‍ നിന്നായിരുന്നു.