കൊച്ചി: പീസ് ഇന്റര്‍നാഷണല്‍ സ്കൂളുള്ക്കെതിരായ അന്വേഷണം ശക്തമാകുന്നു. പാഠപുസ്തകത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് പീസ് ഫൗണ്ടേഷന് മാനേജിംഗ് ഡയറക്ടര്‍ എം എം അക്ബറിനെ ചോദ്യം ചെയ്യും.
പാഠ്യപദ്ധതിയെ കുറിച്ച് നേരത്തെ തന്നെ നിരവധി ആരോപണങ്ങള്‍ നേരിട്ടിരുന്നതാണ് കൊച്ചിയിലെ പീസ് ഇന്റര്‍ നാഷണല്‍ സ്കൂള്‍. വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണ പ്രകാരം മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതിന് സ്കൂള്‍ അധികൃതര്‍ക്കെതിരെ പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.
ഇതിന്റെ തുടര്‍ച്ചയായി പുസ്തകം പ്രസിദ്ധീകരിക്കുന്ന ചുമതല വഹിച്ചിരുന്ന മുംബൈ സ്വദേശികളായ മൂന്ന് പേരെ കൊച്ചി അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യാനായി വിളിച്ച് വരുത്തിയ ശേഷമായിരുന്നു സമീദ് അഹമ്മദ്, സഹില്‍ സെയിദ്, ദാവൂദ് ബയ്ദ് എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തതിന് പിന്നാലെയാണ് പീസ് ഫൗണ്ടേഷന് മാനേജിംഗ് ഡയറക്ടര്‍ എംഎം അക്ബറിനെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്.
പാഠപുസ്തകത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ കണ്ടിട്ടും നടപടിയെടുക്കാത്തതിലാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. എന്നാല്‍ ഇയാള്‍ നിലവില്‍ സ്ഥലത്തില്ലെന്നാണ് വിവരം. പീസ് ഫൗണ്ടേഷന് കീഴില്‍ പ്രസിദ്ധീകരിക്കുന്ന സ്നേഹസംവാദം എന്ന മാസികയുടെ പത്രാധിപരുമാണ് എം മുഹമ്മദ് അക്ബര്‍ എന്ന എംഎം അക്ബര്‍.
പീസ് ഫൗണ്ടേഷന് കീഴില്‍ 14 സ്കൂളുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതിലെ ഒരു പാഠപുസ്തകത്തിലാണ് മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ കണ്ടെത്തിയത്.
അതേസമയം സ്കൂളിനെതിരെ ഇത്തരം ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഉത്തരവാദിത്വപ്പെട്ടവര്ക്കെതിരെയുള്ള നടപടികള്‍ ഇഴഞ്ഞ് നീങ്ങുന്നതിനെതിരെ എതിര്‍പ്പുകള്‍ ശക്തമാവുകയാണ്.