അമൃത് സര്‍: രക്തച്ചൊരിച്ചിലും ഭീതിയും വിതയ്‌ക്കുന്ന തീവ്രവാദ ശൃംഖലകളെ തകര്‍ക്കാന്‍ കൂട്ടായ ഉറച്ച ഇച്ഛാശക്തിയാണ് പ്രകടിപ്പിക്കേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അമൃത്‌സറില്‍ ഹാര്‍ട്ട് ഓഫ് ഏഷ്യയുടെ ആറാമത് മന്ത്രിതല സമ്മേളനം ഉദ്ഘടാനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഉറച്ച പദ്ധതികളുടെ പിന്‍ബലമാണ് തീവ്രവാദത്തെ തോല്‍പിക്കാന്‍ ആവശ്യമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അഫ്ഗാനിലെ സാഹചര്യങ്ങള്‍ പരാമര്‍ശിക്കവേയായിരുന്നു തീവ്രവാദത്തിനെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചത്.
തീവ്രവാദപ്രവര്‍ത്തനങ്ങളും പുറത്തുനിന്നുളള ശിഥിലശക്തികളുമാണ് അഫ്ഗാന്റെ സമാധാനത്തിനും സ്ഥിരതയ്‌ക്കും അഭിവൃദ്ധിക്കും തടസം സൃഷ്ടിക്കുന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ വളര്‍ച്ച അഫ്ഗാനെ മാത്രമല്ല മേഖലയിലെ മറ്റ് രാജ്യങ്ങളെയും ബാധിച്ചുകഴിഞ്ഞു. അതുകൊണ്ടു തന്നെ ഇപ്പോള്‍ സമാധാനത്തിന് വേണ്ടിയുളള അഫ്ഗാന്റെ ശ്രമങ്ങളെ പിന്തുണച്ചതുകൊണ്ടു മാത്രമായില്ലെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. തീവ്രവാദികള്‍ക്കെതിരേ മാത്രമല്ല. അവരെ പിന്തുണയ്‌ക്കുന്നവരെയും പരിശീലിപ്പിക്കുന്നവരെയും അഭയം നല്‍കുന്നവരെയും സാമ്പത്തിക പിന്തുണ നല്‍കുന്നവരെയും ലക്ഷ്യമിട്ടുളള നീക്കങ്ങളാണ് വേണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
തീവ്രവാദത്തിനെതിരേ മൗനം പാലിക്കുന്നതും നിഷ്‌ക്രിയമാകുന്നതും തീവ്രവാദികള്‍ക്കും അവരുടെ മാസ്റ്റേഴ്‌സിനും കൂടുതല്‍ ശക്തി പകരുകയാണ് ചെയ്യുന്നത്. അഫ്ഗാനെ സഹായിക്കാന്‍ കൂടുതല്‍ ലോകരാജ്യങ്ങള്‍ മുന്നോട്ടുവരുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അഫ്ഗാനിലെ രാഷ്‌ട്രീയവും സൈനികവും സാമ്പത്തികവും വികസനോന്മുഖവുമായ നിരവധി പദ്ധതികളില്‍ സഹകരിക്കാന്‍ കൂടുതല്‍ രാജ്യങ്ങള്‍ ഇന്ന് തയ്യാറാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അഫ്ഗാനെയും അവിടെത്തെ ജനങ്ങളെയുമാണ് മുന്നില്‍ കാണേണ്ടത്. എന്താണ് ചെയ്യേണ്ടതെന്നും എന്താണ് ഒഴിവാക്കേണ്ടതെന്നും ആദ്യം തീരുമാനിക്കണം. എങ്കില്‍ മാത്രമേ അഫ്ഗാനിലെ ജനങ്ങള്‍ക്ക് സമാധാനവും സാമ്പത്തിക വളര്‍ച്ചയും നേടി സ്വയം പര്യാപ്തതയിലേക്ക് എത്താന്‍ കഴിയൂവെന്നും പ്രധാനമന്ത്രി പറഞ്ഞു.