മഞ്ചേരി: നിലമ്പൂർ, കരുളായി വനമേഖലയിൽ പൊലീസിന്റെ വെടിയേറ്റു മരിച്ച മാവോയിസ്റ്റ് ഭീകരൻ കുപ്പു ദേവരാജിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യണമെന്ന ആവശ്യം മഞ്ചേരി കോടതി തളളി. ആവശ്യമുന്നയിച്ച് കുപ്പു ദേവരാജിന്റെ സഹോദരൻ സമർപ്പിച്ച ഹർജ്ജിയാണ് കോടതി നിരസിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന ദേവരാജിന്റെ പോസ്റ്റ്മോർട്ടത്തിൽ, ശരീരത്തിലെ മുറിവുകളുടെ രൂപവും, സ്വഭാവവും വ്യക്തമായി രേഖപ്പെടുത്തിയിരുന്നില്ല തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് സഹോദരൻ കോടതിയെ സമീപിച്ചത്. അതേസമയം കോടതിവിധിക്കെതിരേ ബന്ധുക്കൾ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം.
പൊലീസ് വെടി വയ്പ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് ഭീകരരുടെ മൃതദേഹങ്ങൾ ഇന്നു രാത്രി വരെ അടക്കം ചെയ്യാതെ സൂക്ഷിക്കണമെന്ന് നേരത്തേ കോടതി ഉത്തരവിട്ടിരുന്നു. ബന്ധുക്കൾ ആവശ്യപ്പെടുകയാണെങ്കിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകണമെന്നും ഇന്നത്തെ കോടതിവിധിയിലുണ്ട്.
അതേസമയം മൃതദേഹം സംസ്കരിക്കുന്നതിനു മുൻപ് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാനാണ് മനുഷ്യാവകാശപ്രവർത്തകരും, ബന്ധുക്കളുമൊരുങ്ങുന്നതെന്നാണ് സൂചന.