Kerala

റേഷൻ വിതരണം മുടക്കുന്നത് സംസ്ഥാന സർക്കാരെന്ന് വി മുരളീധരൻ

തിരുവനന്തപുരം :  പെന്‍ഷനും ശമ്പളവും തടസപ്പെടുത്തി കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയതുപോലെ മനപ്പൂര്‍വം റേഷന്‍ വിതരണം പൂര്‍ണമായി മുടക്കിയതിനു ശേഷം അതിന്റെ ഉത്തരവാദിത്വവും കേന്ദ്ര സര്‍ക്കാരിനുമേല്‍ കെട്ടിവയ്ക്കാനാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ്. സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വി മുരളീധരൻ. സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേട് കേന്ദ്ര സര്‍ക്കാരിന്റെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാനുള്ള പരാജയപ്പെട്ട തന്ത്രമാണ് ഇവിടെ സംസ്ഥാന സര്‍ക്കാര്‍ പയറ്റുന്നത്.

ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കിയശേഷമുള്ള ആദ്യ മാസംതന്നെ റേഷന്‍ വിതരണം താറുമാറാക്കിയ എല്‍.ഡി.എഫ്. സര്‍ക്കാരിന് ഗൂഡലക്ഷ്യങ്ങളുണ്ടെന്ന് വ്യക്തമാണ്. ഭക്ഷ്യഭദ്രതാ നിയമപ്രകാരം മുന്‍ഗണനാ പട്ടികയില്‍ വരുന്ന 1.54 കോടി പേരില്‍ പകുതിപ്പേര്‍ക്കു മാത്രമേ ഇതുവരെ സൗജന്യ റേഷന്‍ വിതരണം ചെയ്യാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞിട്ടുള്ളൂ. മുന്‍ഗണനാ വിഭാഗത്തില്‍ ബാക്കിവരുന്ന പകുതിപ്പേര്‍ക്കും സബ്‌സിഡിക്ക് അര്‍ഹതയില്ലാത്ത വിഭാഗത്തിനും നവംബര്‍ മാസത്തെ റേഷന്‍ വിഹിതമായി ഒരുമണി അരിപോലും ലഭിക്കാത്തതിന്റെ പൂര്‍ണ ഉത്തരവാദികള്‍ എല്‍.ഡി.എഫ്. സര്‍ക്കാരാണ്. അടിസ്ഥാന സൗകര്യങ്ങളില്ലെന്നും സംസ്ഥാനത്തെ ബഹുഭൂരിപക്ഷത്തിനും റേഷന്‍ നഷ്ടപ്പെടുമെന്നും പറഞ്ഞ് ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കാതെ മാറിനിന്ന ശേഷം നിയമം നടപ്പാക്കിയ അടുത്ത മാസംതന്നെ ഈ സംവിധാനത്തെയാകെ അട്ടിമറിക്കുന്ന നടപടിക്കു പിന്നില്‍ ദുരൂഹതയുണ്ടെന്നും മുരളീധരൻ പ്രസ്താവനയിൽ പറഞ്ഞു

Loading...

പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് പിന്‍വലിക്കല്‍ പദ്ധതി പ്രഖ്യാപിച്ച ശേഷം ഡിസംബര്‍ മാസത്തിലെ ശമ്പളം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്നതിന് മറ്റെല്ലാ സംസ്ഥാനങ്ങളും നവംബര്‍ 15നു തന്നെ നടപടി ആരംഭിച്ചിരുന്നു. പക്ഷേ ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിക്കാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും പെന്‍ഷന്‍കാരെയും കേന്ദ്ര സര്‍ക്കാരിനെതിരേ തിരിക്കുന്നതിനുള്ള ശ്രമങ്ങളാണ് കേരള സര്‍ക്കാര്‍ നടത്തിയതെന്നു തെളിഞ്ഞിരുന്നു. ഇത്തരത്തിലൊരു ഭീതി റേഷന്‍ വിതരണത്തിന്റെ കാര്യത്തിലും സൃഷ്ടിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ മുതലെടുപ്പിനായി റേഷന്‍ കാര്‍ഡിലുള്ള 3.40 കോടി ആളുകളെ കബളിപ്പിക്കുന്ന നടപടിയില്‍നിന്ന് സര്‍ക്കാര്‍ അടിയന്തരമായി പിന്‍മാറണം. കേന്ദ്ര സര്‍ക്കാരിനോടുള്ള പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമായി ജനങ്ങളെ പ്രതിസന്ധിയിലാക്കുന്ന പരിപാടി അടിയന്തരമായി അവസാനിപ്പിച്ച് ഭക്ഷ്യഭദ്രതാ നിയമപ്രകാരം മുന്‍ഗണനാ പട്ടികയില്‍ പെട്ടവര്‍ക്കെങ്കിലും പൂര്‍ണമായി റേഷന്‍ വിതരണം ചെയ്യാനുള്ള നടപടി ഉടനടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

0 Shares

Scroll down for comments

Loading...

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close