KeralaNews

തമിഴ്‌നാട് തകരാതിരുന്നതിൽ മലയാളിവനിത ശ്രദ്ധേയയാകുന്നു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണവാർത്തയിൽ തകർന്നു പോകാതെ തമിഴകത്തെ താങ്ങിനിർത്തിയ ഇച്ഛാശക്തിയിൽ മലയാളി വനിത ശ്രദ്ധേയയാകുന്നു. തിരുവനന്തപുരം സ്വദേശിനിയും തമിഴ്‌നാട് കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥയുമായ ഷീല ബാലകൃഷ്ണനാണ് തളർന്നു പോയ തമിഴകത്തിന്റെ ക്രമസമാധാനമുൾപ്പെടെയുളള വിഷയങ്ങളിൽ തന്ത്രപരമായ നീക്കങ്ങളിലൂടെ സുരക്ഷ ഉറപ്പാക്കിയത്.

മുഖ്യമന്ത്രിയുടെ അഭാവത്തിലും, തുടർന്ന് മരണശേഷവും സ്ഥിതിഗതികൾ ഷീലാ ബാലകൃഷ്ണന്റെ നിയന്ത്രണത്തിൽ തന്നെ. ജയലളിതയുടെ ഉപദേഷ്ടാവായിരുന്ന ഷീലയുടെ നേതൃത്വത്തിലാണ് ജയലളിത ആശുപത്രിയിലായിരുന്ന സമയത്തും ഭരണസംവിധാനങ്ങൾ നിയന്ത്രിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ മരണവാർത്ത സൃഷ്ടിച്ചേക്കാവുന്ന വൈകാരികപ്രതിസന്ധികളും, അതേത്തുടർന്നുണ്ടായേക്കാവുന്ന അക്രമങ്ങളും, ആത്മഹത്യകളും തുടങ്ങിയ വൻ‌ പ്രതിസന്ധികളെയെല്ലാം തന്ത്രപരമായി നേരിടുകയെന്നത് ചെറുതല്ലാത്ത വെല്ലുവിളി തന്നെയായിരുന്നു.

Loading...

മുഖ്യമന്ത്രിയുടെ മരണവാർത്ത പെട്ടെന്നു പുറത്തു വന്നാലുണ്ടാകാവുന്ന ക്രമസമാധാനപ്രശ്നങ്ങളെ ജാഗ്രതയോടെ കൈകാര്യം ചെയ്യാനും ഷീലയ്ക്കായി. ഉച്ചയോടെ തന്നെ വിദ്യാലയങ്ങളിൽ നിന്നു കുട്ടികളെ വീട്ടിലെക്കയച്ചു. ബസ് സർവ്വീസുകൾ വെട്ടിക്കുറച്ചു, സർക്കാർ ഉദ്യോഗസ്ഥരെ ഉച്ചയ്ക്കു ശേഷം അവധി നൽകി അയച്ചു. ആവശ്യത്തിനു സുരക്ഷാ ഉദ്യോഗസ്ഥരെ തമിഴ്‌നാടിന്റെ മുക്കിലും മൂലയിലും വിന്യസിച്ചു. സന്ധ്യയോടെ സംസ്ഥാനത്തെ പ്രകാശസംവിധാനങ്ങൾ പോലും നിയന്ത്രിതമാക്കി. വിഷയങ്ങളെ വളരെ വൈകാരികമായി സമീപിക്കുന്ന തമിഴ് ജനതയെ ഈ ദുഃഖവാർത്തയോടു പൊരുത്തപ്പെടുത്താൻ ഉതകുന്നതായിരുന്നു ഈ പ്രവർത്തികളെല്ലാം. സന്ധ്യയായപ്പൊഴേയ്ക്കും തങ്ങളുടെ മുഖ്യമന്ത്രി ഇനിയില്ല എന്നൊരു യാഥാർഥ്യത്തെ ഉൾക്കൊള്ളാൻ ഏറെക്കുറേ തമിഴകം മാനസികമായി ശക്തി നേടിയിരുന്നു.

ജയലളിതയുടെ മരണവാർത്ത സൃഷ്ടിച്ചേക്കാവുന്ന കൂട്ട ആത്മഹത്യകളും, അക്രമസംഭവങ്ങളും നിയന്ത്രിക്കാനും പൂർണ്ണമായും സമാധാനപരമായ അന്തരീക്ഷത്തിൽ സംസ്കാരച്ചടങ്ങുകൾ നടത്താനും ഈ പ്രവർത്തികൾ സഹായിച്ചതായി വിലയിരുത്തപ്പെടുന്നു. ഒരു പക്ഷേ ഈ വാർത്തയേത്തുടർന്ന് അപ്പോളോ ആശുപത്രിസമുച്ചയം തന്നെ ആരാധകർ അടിച്ചു തകർക്കുമോ എന്നു പോലും അധികൃതർ ഭയപ്പെട്ടിരുന്നു.

1976 ഐ.എ.എസ് ബാച്ചിലെ ഉദ്യോഗസ്ഥയായ ഷീലയുടെ ഭർത്താവ് ബാലകൃഷ്ണനും ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. തഞ്ചാവൂർ അസിസ്റ്റന്റ് കളക്ടറായി ഔദ്യോഗിക ജീവിതമാരംഭിച്ച ഷീല ജയലളിതയുടെ മനസറിയുന്നത്ര അടുപ്പം അവരുമായി സൂക്ഷിച്ചിരുന്നു. അതുകൊണ്ടു തന്നെയാണ് ജയലളിതയുടെ സ്വന്തം ജനതയെ ഇത്ര ശ്രദ്ധാപൂർവ്വം നിയന്ത്രിക്കാനും അവർക്കു കഴിഞ്ഞത്. ജയലളിത ചികിത്സയിൽ കഴിഞ്ഞിരുന്ന മുറിയിൽ പ്രവേശനമനുവദിക്കപ്പെട്ടിരുന്ന രണ്ടോ മൂന്നോ പേരിൽ ഒരാളായിരുന്നു ഷീല. അപ്പോളോ ആശുപത്രിയുടെ രണ്ടാം നിലയിൽ താത്കാലികമായി ഒരുക്കിയ ഓഫീസിലിരുന്ന് നിശ്ശബ്ദമായി ഭരണചക്രം തിരിച്ച ഈ അറുപതുകാരി പുതിയ മന്ത്രിസഭയിലും നിർണ്ണായകമായ ചുമതലകൾ വഹിക്കുമെന്നാണ് വിവരം.

4K Shares

Scroll down for comments

Loading...

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close