ന്യൂഡൽഹി: രാജ്യത്ത് കറൻസി അസാധുവാക്കിയത് മുന്നൊരുക്കങ്ങളോടെയല്ലെന്ന വിമർശനങ്ങളുടെ മുനയൊടിച്ചു കൊണ്ട് റിസർവ്വ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ആർ.ഗാന്ധി. ഈ തീരുമാനം തിടുക്കപ്പെട്ടു നടപ്പാക്കിയ ഒന്നല്ല. ഇതിനു പിന്നിൽ കൃത്യമായ ചിന്തയും, മുന്നൊരുക്കങ്ങളുമുണ്ട്. അദ്ദേഹം പറഞ്ഞു.
അസാധുവാക്കപ്പെട്ട 12 ലക്ഷം കോടി രൂപയ്‌ക്കു തുല്യമായ കറൻസികൾ ഇതു വരെ റിസർവ്വ് ബാങ്കിൽ തിരിച്ചെത്തി. നിലവിലെ കറൻസി ക്ഷാമം പരിഹരിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇനിയും പ്രതിസന്ധി നേരിടുന്നയിടങ്ങളിൽ ആവശ്യമായത്ര നോട്ടുകൾ റിസർവ്വ് ബാങ്ക് എത്തിക്കും. 19 ബില്യൺ പുതിയ നോട്ടുകളാണ് അസാധുവായ നോട്ടുകൾക്കു പകരമായി ഇതുവരെ ജനങ്ങളിലേക്കെത്തിയത്. അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മൂന്നു വർഷം വിതരണം ചെയ്ത കറൻസികളേക്കാൾ കൂടുതലാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കറൻസി പിൻവലിച്ചതിനു ശേഷമുളള റിസർവ്വ് ബാങ്കിന്റെ ആദ്യ നയപ്രഖ്യാപനത്തിനു ശേഷമുളള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ആർ.ഗാന്ധി.
ഡിജിറ്റൽ സാങ്കേതികവിദ്യയുപയോഗിച്ചുളള പണമിടപാടു സമ്പ്രദായത്തിലേക്ക് മാറുവാൻ എല്ലാവരും തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. റിസർവ്വ് ബാങ്കിന്റെ പ്രിന്റിംഗ് പ്രസ്സുകൾ മുഴുവൻ സമയവും പ്രവർത്തിച്ചു വരികയാണ്. ഡിസംബർ അഞ്ചു വരെ മാത്രം നാലു ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകളാണ് റിസർവ്വ് ബാങ്ക് വിതരണത്തിനെത്തിച്ചത്. അതേസമയം പുതിയ ആയിരം രൂപയുടെ കറൻസികൾ വിതരണത്തിനെത്തിക്കുന്നതു സംബന്ധിച്ചുളള ചോദ്യത്തിന് അത് പൊതുജനങ്ങളുടെ ആവശ്യം മുൻനിർത്തിയായിരിക്കും തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.
കറൻസി നിരോധനത്തേത്തുടർന്നുളള പ്രതിസന്ധികൾ ഇപ്പോൾ ഏറെക്കുറേ ശാന്തമായിരിക്കുകയാണ്. കറൻസി പിൻവലിച്ച് ഒരു മാസം തികയുമ്പോൾ ബാങ്കുകളിലെ തിരക്കുകൾ സാധാരണഗതിയിലായിട്ടുണ്ട്. അതേസമയം നടപടിയേത്തുടർന്ന് ബാങ്കുകളിൽ നടപ്പിലാക്കിയിട്ടുളള നിയന്ത്രണം കുറച്ചു നാൾ കൂടി തുടരും. കറൻസി മാറ്റിയെടുക്കാനുളള അവസാന തീയതി ഡിസംബർ 30 ആണ്.