ദുബായ്: മുഖ്യമന്ത്രി പിണറായി വിജയന് 22ന് യുഎഇയില്‍ എത്തും. അധികാരമേറ്റ ശേഷം മുഖ്യമന്ത്രിയുടെ ആദ്യ വിദേശ സന്ദര്‍ശനം കൂടിയാണിത്. പ്രവാസി വകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രിയുടെ വരവിനെ പ്രതീക്ഷയോടെയാണ് മലയാളി സമൂഹം നോക്കി കാണുന്നത്.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനു എത്തുന്ന മുഖ്യമന്ത്രിക്ക് വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ സ്വീകരണവും നല്‍കും. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവാസികളുടെ പ്രശ്നങ്ങളും പരാതികളും നേരിട്ടറിയാന്‍ പിണറായി വിജയന് യുഎഇയില്‍ എത്തിയിരുന്നു.
പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്നവര്‍ക്കുളള പുനരധിവാസ പദ്ധതി, പ്രവാസി ക്ഷേമനിധി പെന്ഷന് വര്‍ധിപ്പിക്കല്‍, തുടങ്ങിയവ സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ. ഷാര്‍ജ ഇന്ത്യന്‍ ഹൈസ്കൂള്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുമെന്നാണ് അറിയുന്നത്. എന്നാല്‍ ഇതിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.