കണ്ണൂര്‍: ആറളം ഫാമില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ നൂറ് കോടിയിലേറെ രൂപയുടെ അഴിമതി നടന്നതായി സൂചന. കഴിഞ്ഞദിവസം ഫാമിലും ആറളം വനവാസി പുനരധിവാസ മേഖലയിലും വിജിലന്‍സ് സംഘം നടത്തിയ പരിശോധനയിലാണ് വന്‍ അഴിമതി നടന്നതായി സൂചനകള്‍ ലഭിച്ചത്. അതേസമയം, സാമ്പത്തിക പ്രതിസന്ധിമൂലം ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് ഫാം ജീവനക്കാര്‍ സൂചനാ പണിമുടക്ക് സമരം നടത്തി.
കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലായിരുന്ന ആറളം ഫാം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തതിന് ശേഷമാണ് ക്രമക്കേടുകളുടെ കൂത്തരങ്ങായി മാറിയത്. ഇടത്-വലത് മുന്നണികള്‍ ഭരിച്ച കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തിനിടയില്‍ ഇവിടെ നടന്ന വന്‍ അഴിമതിയെ കുറിച്ചുള്ള സൂചനകളാണ് കഴിഞ്ഞദിവസം പരിശോധന നടത്തിയ വിജലന്‍സ് സംഘത്തിന് ലഭിച്ചത്. നൂറുകോടിയിലേറെ രൂപയുടെ അഴിമതി നടന്നതായാണ് സൂചന.
ഫാമിലെ വരുമാനച്ചോര്ച്ചയെ കുറിച്ച് വിജിലന്‍സ് ഡയറക്ടര്‍ തോമസ് ജേക്കബ് ആവശ്യപ്പെട്ട റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ അഴിമതിയുടെ വ്യക്തമായ കണക്കുകള്‍ പുറത്തുവരൂ. ആറളം ഫാം വനവാസി പുനരധിവാസ മേഖലയിലെ വികസനപ്രവര്‍ത്തനങ്ങളില്‍ നടന്ന അഴിമതിയെ കുറിച്ചും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്.
സമ്പൂര്‍ണ ശുചിമുറി പദ്ധതി പ്രകാരം നിര്‍മ്മിച്ച ശുചിമുറികള്‍ പൂര്‍ണമായും ഉപയോഗശൂന്യമാണ്. വനവാസികള്‍ക്ക് തൊഴില്‍ നല്‍കാനായി കെട്ടിടനിര്‍മ്മാണം നടത്തിയതിലും വന്‍ അഴിമതി നടന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്. അഴിമതിയും കെടുകാര്യസ്ഥതയും മൂലം ഫാമില്‍ സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തതിനെ തുടര്‍ന്ന് ഫാം തൊഴിലാളികള്‍ക്ക് നവംബര്‍ മാസത്തെ ശമ്പളം ഇതുവരെ നല്‍കിയിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ സൂചനാപണിമുടക്ക് സമരം നടത്തി.