കൊച്ചി: കൊച്ചിയില്‍ വീണ്ടും കള്ളപ്പണം മാറാനെത്തിയവര്‍ ഇന്‍കം ടാക്സിന്റെ പിടിയില്‍. കലൂര്‍ സ്റ്റേഡിയത്തിന് സമീപത്തെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.
ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് മനുഷ്യകടത്ത് കേസിലെ പ്രതിയായ ലിസി സോജനുള്പ്പെടെ നാല് പേര് ഇന്ന് പിടിയിലായത്. ജിജോ, ബിനോയ്, ഡെന്നീസ് എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍. 10 കോടി രൂപയുടെ ചെക്ക് ഇവരുടെ കൈവശമുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഫോക്സ് വാഗന് കാറിലെത്തിയ സംഘത്തെ ഇന്‍കം ടാക്സ് വിഭാഗം പിടികൂടുകയായിരുന്നു.
ലിസി സോജനെയും കൂട്ടാളിയുമാണ് ആദ്യം സംഘത്തിന്റെ വലയിലായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മറ്റുള്ളവര്‍ പിടിയിലായത്. പഴയ നോട്ടുകള്‍ മാറ്റി പുതിയ നോട്ടുകള്‍ നല്‍കാമെന്ന് സംഘം വ്യക്തമാക്കുന്ന ഫോണ്‍ രേഖകള്‍ അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്. പിടിയിലായവര്‍ വന്ന കാറും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.
പിടിയിലായവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ആദായ നികുതി വകുപ്പിന്റെ ഓഫീസിലേക്ക് കൊണ്ടുപോയി. ഇന്നലെ നടത്തിയ പരിശോധനയില്‍ 41 ലക്ഷം രൂപയുമായി അഞ്ച് പേര് പിടിയിലായിരുന്നു.