തിരുവനന്തപുരം: കോണ്‍ഗ്രസ്സ് സംസ്ഥാന നേതൃത്വത്തിനെതിരെ ഒളിയമ്പെയ്ത് എ.കെ.ആന്റണി. കോണ്‍ഗ്രസ്സിന്റെ ജനകീയ അടിത്തറ തകര്‍ന്നെന്നും 67നെക്കാള്‍ വലിയ പ്രതിസന്ധിയാണ് പാര്‍ട്ടി നേരിടുന്നതെന്നുമായിരുന്നു വിമര്‍ശനം. ഡിസിസി പുനഃസംഘടനയില്‍ കോണ്‍ഗ്രസ്സിനുള്ളില്‍ പ്രതിഷേധം പുകയവേയാണ് ആന്റണിയുടെ പ്രസ്താവന.
കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് പ്രധാനമായും വേണ്ടത് വിട്ടുവീഴ്ചാ മനോഭാവമാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോഴും യോജിക്കേണ്ട വിഷയങ്ങളില്‍ യോജിക്കണം. പാര്‍ട്ടിയില്‍ ജനറല്‍മാരും ഓഫീസര്‍മാരുമാണ് കൂടുതലെന്നും കാലാള്‍പ്പട തീരെ കുറവാണെന്നും ആന്റണി വിമര്‍ശിച്ചു.
സംസ്ഥാനത്ത് കോണ്‍ഗ്രസ്സിന്റെ ജനകീയ അടിത്തറ ഏറെക്കുറേ തകര്‍ന്നുകഴിഞ്ഞു. 67ലേതിനേക്കാള്‍ വലിയ പ്രതിസന്ധിയാണ് പാര്‍ട്ടി ഇപ്പോള്‍ നേരിടുന്നത്. പ്രശ്നങ്ങള്‍ പരിഹരിക്കാതെ പാര്‍ട്ടിക്ക് തിരിച്ചു വരാന്‍ കഴിയില്ലെന്നും സുധീരനും, ഉമ്മന്‍ചാണ്ടിയും, ചെന്നിത്തലയും ഒരുമിച്ച് നീങ്ങണമെന്നും ആന്റണി വ്യക്തമാക്കി.
ഡിസിസി പുനഃഘടനയുമായി ബന്ധപ്പെട്ട് എ ഗ്രൂപ്പ് പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് എ.കെ.ആന്റണിയുടെ പ്രസ്താവന. പ്രതിഷേധങ്ങള്‍ കൊണ്ട് ഹൈക്കമാന്റ് തീരുമാനത്തില്‍ മാറ്റമുണ്ടാകാന്‍ പോകുന്നില്ലെന്ന സൂചനയും ആന്റണിയുടെ വാക്കുകളിലുണ്ട്.