മാവേലിക്കര/തിരുവനന്തപുരം: അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എം.എം. മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ അദ്ദേഹം മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. രാഷ്ട്രീയ ധാര്‍മ്മികതയും സദാചാര ബോധവും അല്‍പ്പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ സിപിഎം മണിയുടെ രാജി ആവശ്യപ്പെടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് മാവേലിക്കരയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കൊലക്കേസ് പ്രതി മന്ത്രിയായി തുടരുന്നത് സാംസ്കാരിക കേരളത്തിന് അപമാനമാണ്. ക്രിമിനലുകളാല്‍ നയിക്കപ്പെടേണ്ട ഗതികേട് കേരളത്തിലെ ജനങ്ങള്‍ക്ക് ഉണ്ടാകരുത്. മണി രാജിക്ക് തയ്യാറാകുന്നില്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. സര്‍ക്കാര്‍ പ്രതിയുടെ പക്ഷത്താകരുത്. പ്രോസിക്യൂഷനോട് നീതി പുലര്‍ത്തണം. മന്ത്രിയെ കേസില്‍ നിന്നും ഒഴിവാക്കരുതെന്ന് ആവശ്യപ്പെട്ടത് പ്രോസിക്യൂഷനാണ്. അതിനാല്‍ ഇക്കാര്യത്തിലുള്ള സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ മന്ത്രിക്ക് അവകാശമില്ല. ഇതിനു മുന്‍പ് പ്രതിപട്ടികയില്‍ ഉള്‍പ്പെട്ട മന്ത്രിമാര്‍ രാജിവച്ച കീഴ്വഴക്കമാണ് കേരളത്തിലുള്ളത്. കെ.കരുണാകരന്, ആര്. ബാലകൃഷ്ണപിള്ള, കെ.എം. മാണി തുടങ്ങിയവര്‍ ഇത്തരത്തില്‍ രാജിവച്ചവരാണ്.
ഈ മന്ത്രിമാര്‍ക്കെതിരെ എഫ്ഐആര്‍ ഇട്ടപ്പോഴും കേസില്‍ പ്രതിയാക്കിയപ്പോഴും രാജി ആവശ്യപ്പെട്ട് വലിയ പ്രക്ഷോഭങ്ങളാണ് സിപിഎം നടത്തിയിട്ടുള്ളതെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
എം.എം മണിക്ക് അല്പമെങ്കിലും ജനാധിപത്യബോധമുണ്ടെങ്കില്‍ രാജിവെച്ച് ഒഴിയണമെന്നും അതിന് തയ്യാറല്ലെങ്കില്‍ മണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുകയെന്നത് മുഖ്യമന്ത്രിയുടെ ചുമതലയാണെന്നും മുതിര്‍ന്ന ബിജെപി നേതാവും എംഎല്‍എയുമായ ഒ. രാജഗോപാല്‍ ആവശ്യപ്പെട്ടു. കൊലക്കേസില്‍ പ്രതിയായ ആള് മന്ത്രിസഭയില്‍ തുടരണോയെന്നതാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.