കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ രക്ഷിക്കാനുളള മുന്നൊരുക്കത്തിന്റെ ഭാഗമായിട്ടാണ് എം.എം മണിയുടെ രാജി വേണ്ടെന്ന് വെച്ചിരിക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം വി. മുരളീധരന്. ലാവ് ലിന് കേസില്‍ സമാനമായ അവസ്ഥ വന്നാലും പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനുളള നീക്കമാണിതെന്നും വി. മുരളീധരന് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജനുവരിയില്‍ ലാവ്ലിന് കേസ് പരിഗണിക്കുമ്പോള്‍ പിണറായിക്കെതിരേ കോടതി വിധി വന്നാലും അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ വേണ്ടിയാണ് മണിയെ രാജിവെപ്പിക്കാതെ സിപിഎം ഇത്തരമൊരു കീഴ് വഴക്കം സൃഷ്ടിക്കുന്നതെന്ന് വി. മുരളീധരന് പറഞ്ഞു. മന്ത്രിസഭയില്‍ നിന്ന് രാജിവെയ്ക്കില്ലെന്ന എം.എം മണിയുടെ പ്രഖ്യാപനം ജനാധിപത്യ സംവിധാനത്തോടും നിയമവ്യവസ്ഥയോടും ജനങ്ങളോടുമുളള വെല്ലുവിളിയാണെന്നും വി. മുരളീധരന് ചൂണ്ടിക്കാട്ടി.
മണിയുടെ മന്ത്രിസ്ഥാനത്തുനിന്നുളള രാജി ആവശ്യപ്പെട്ട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് അടക്കമുളള ബിജെപി നേതാക്കളും നേരത്തെ രംഗത്തെത്തിയിരുന്നു.