ഇസ്ലാമാബാദ്: ബലൂചിസ്ഥാനില്‍ ഒന്‍പത് മാസം പ്രായമുളള കുഞ്ഞിനെയും സ്ത്രീകളെയും പാക് സൈന്യം തട്ടിക്കൊണ്ടുപോയതായി പരാതി. സൂയി, നസീറാബാദ് എന്നിവിടങ്ങളിലാണ് പരിശോധനയുടെ പേരില്‍ വന്‍ സന്നാഹത്തോടെയെത്തിയ സൈന്യം തേര്‍വാഴ്ച നടത്തിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുളളവരെ പിടികൂടുകയും വീടുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തതായി പ്രദേശവാസികളെ ഉദ്ധരിച്ച് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്വത്തുക്കള്‍ കൊളളയടിച്ചതായി ബലൂചിസ്ഥാനിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ട്വിറ്ററിലൂടെയും വ്യക്തമാക്കി.
സ്വാതന്ത്ര്യത്തിനായി നിലകൊളളുന്നവരുടെയും രാഷ്ട്രീയ നേതാക്കളുടെയും കുടുംബാംഗങ്ങളെ ലക്ഷ്യമിട്ടായിരുന്നു സൈന്യത്തിന്റെ നടപടി. സ്വാതന്ത്ര്യപോരാട്ടത്തിന് നേതൃത്വം നല്കുന്ന ചകാര് ബുഗ്തിയുടെ ഭാര്യ നാസ് ഖാട്ടൂണ്‍, മകള്‍ റോസ് ബീബി, മൂന്ന് വയസുകാരനായ മകന് ഹമീദ് എന്നിവരെയും ഒന്‍പത് മാസം പ്രായമുളള റംസാന് എന്ന മകനെയും സൈന്യം പിടികൂടിയതായി ബലൂച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മീഡിയ സെല്‍ ട്വിറ്ററില്‍ വ്യക്തമാക്കി.
നസീറാബാദില്‍ നിന്ന് മാത്രം ഒന്‍പത് സ്ത്രീകളെയും എട്ട് കുട്ടികളെയും തട്ടിക്കൊണ്ടുപോയി. ഛത്തറിലെ കുന്തിയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. നേരത്തെ രാഷ്ട്രീയ പ്രവര്‍ത്തകരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും ലക്ഷ്യമിട്ടിരുന്ന പാക് സൈന്യം ഇപ്പോള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ തിരിഞ്ഞിരിക്കുകയാണെന്ന് ബലൂച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു.