KeralaNews

ബാപ്പു മുസ്ലിയാര്‍ക്ക് കുമ്മനം രാജശേഖരന്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു

മലപ്പുറം: അന്തരിച്ച ഇസ്ലാംമത പണ്ഡിതനും കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ കോട്ടുമല ബാപ്പു മുസ്ലിയാര്‍ക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ജനപുരോഗതിക്ക് വേണ്ടി അക്ഷീണം പ്രയത്‌നിച്ച വ്യക്തിയായിരുന്നു ബാപ്പു മുസ്ലിയാര്‍ എന്ന് കുമ്മനം അനുസ്മരിച്ചു. ഔദ്യോഗിക ബഹുമതികളോടെ മലപ്പുറം കാളമ്പാടി ജുമാ മസ്ജിദ് ഖബറസ്ഥാനിലായിരുന്നു ഖബറടക്കം.

മതഭേദങ്ങള്‍ക്കപ്പുറം പൊതുമാനവ സമൂഹത്തിന്റെ താല്‍പര്യങ്ങളും ക്ഷേമവും മുന്‍നിര്‍ത്തി ജനപുരോഗതിക്ക് വേണ്ടി ബാപ്പു മുസ്ലിയാര്‍ അക്ഷീണം പ്രയത്‌നിച്ചിരുന്നു. ആശയകുഴപ്പങ്ങളും സംഘര്‍ഷവും മുറ്റി നിന്ന പല സന്ദര്‍ഭങ്ങളിലും ആത്മസംയമനത്തോടെയുള്ള ഇടപെടലുകള്‍ നടത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്നും കുമ്മനം അനുസ്മരിച്ചു.

ബാപ്പു മുസ്ലീയാരുടെ ദേഹവിയോഗം പൊതുപ്രവര്‍ത്തന രംഗത്ത് വലിയൊരു നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. ജീവിത ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ അദ്ദേഹം കാട്ടിയ നിര്‍ബന്ധ ബുദ്ധിയെ പൊതുജനസമൂഹം എന്നെന്നും നന്ദിയോടെ സ്മരിക്കുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, മുസ്ലിംലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ തുടങ്ങി സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.

Close
Close