കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച കേസില്‍ പ്രധാന തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്. കേസന്വേഷണത്തില്‍ ഇത് നിര്ണായകതെളിവായേക്കും.
കൊച്ചിയില്‍ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച സംഭവത്തിലാണ് നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും കൂട്ടാളികളും വാഹനത്തില്‍ നടിയെ പിന്തുടരുന്നതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കേസിലെ നിര്‍ണായക തെളിവായേക്കും.
പ്രതികള്‍ വെണ്ണലയിലെ കടയില്‍ നിന്ന് വാഹനം നിര്‍ത്തി വെള്ളം വാങ്ങുന്നതിന്റെ ദൃശ്യങ്ങളും സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ പൊലീസിന് ലഭിച്ചു. നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കൊച്ചിയിലെ വിവിധ റോഡുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇങ്ങനെ ശേഖരിച്ചവയില്‍ നിന്നാണ് പ്രധാന വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.
അതേ സമയം പള്‍സര്‍ സുനി ശക്തമായ ഒഴുക്കുള്ള സ്ഥലം അന്വേഷിച്ചിരുന്നെന്ന് ഹോട്ടടലുടമയായ സ്ത്രീ പൊലീസില്‍ മൊഴി നല്കി. പള്‍സര്‍ സുനിയെയും വിജീഷിനെയും ഹോട്ടലില്‍ തെളിവെടുപ്പിനെത്തിച്ചു. മൊബൈല്‍ ഉപേക്ഷിക്കാനായിരുന്നു സുനി ഒഴുക്കുള്ള സ്ഥലം അന്വേഷിച്ചതെന്നാണ് പൊലീസ് നിഗമനം.
അമ്പലപ്പുഴയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് പൊലീസിന് ലഭിച്ച മെമ്മറി കാര്‍ഡ് ശാസ്ത്രീയ പരിശോധന നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.