പാലക്കാട്: രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ പീഡിപ്പിച്ചതായി പരാതി. പാലക്കാട് ചെർപ്പുളശ്ശേരി ഗവ. യു.പി സ്കൂളിലെ അദ്ധ്യാപകൻ വി.ടി ശശികുമാറിനെതിരെയാണ് പരാതി.
കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ചെറുപ്പുളശ്ശേരി മഞ്ചക്കൽ ഗവണ്മെന്റ് യു.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ അദ്ധ്യാപകനായ വി.ടി ശശികുമാർ മിഠായി വാങ്ങി തരാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ച് സ്കൂളിന് പിറകിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.
ചൈൽഡ് ലൈൻ പ്രവർത്തകരുടെ പരാതിയിൽ ചെർപ്പുളശ്ശേരി പൊലീസ് അദ്ധ്യാപകനെതിരെ കേസെടുത്തു. കുട്ടികൾക്കെതിരായ അതിക്രമം തടയുന്നതിനുളള പോസ്കോ നിയമ പ്രകാരമാണ് കേസെടുത്തിട്ടുളളത്. അജ്ഞാത സന്ദേശത്തെ തുടർന്നാണ് സംഭവം ചൈൽഡ് ലൈൻ പ്രവർത്തകർ അറിയുന്നത്. തുടർന്ന് കൗൺസിലിംഗിന് വിധേയയാക്കിയ വിദ്യാർത്ഥിനി പീഡന വിവരം തുറന്നു പറയുകയായിരുന്നു. എന്നാൽ സ്കൂൾ അധികൃതർ പീഡന വിവരം മറച്ചു വച്ചു എന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ഒളിവിൽ പോയ അദ്ധ്യാപകനെതിരെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.