തിരുവനന്തപുരം : സംസ്ഥാന സാമൂഹിക സുരക്ഷ മിഷൻ വെബ്സൈറ്റ് ഹാക്ക് ചെയ്ത പാകിസ്ഥാൻ ഹാക്കർമാർക്ക് മല്ലു സൈബർ സോൾജിയേഴ്സിന്റെ കനത്ത തിരിച്ചടി . പാക് സർക്കാരിന്റെ ഇരുനൂറോളം വെബ്സൈറ്റുകൾ മല്ലു സൈബർ സോൾജിയേഴ്സ് തകർത്തു .
പാക് ഹാക്കർമാർ തകർത്തത് ഒരു വെബ്സൈറ്റാണെങ്കിൽ ഒന്നിന് നൂറായിട്ടല്ല ഇരുനൂറായിട്ടാണ് തങ്ങൾ പകരം ചോദിക്കുന്നതെന്ന് മല്ലു സൈബർ സോൾജിയേഴ്സ് ഇത് സംബന്ധിച്ചിട്ട ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു . ഹാക്ക് ചെയ്ത പാക് വെബ്സൈറ്റുകളുടെ ലിങ്കുകളും പോസ്റ്റ് ചെയ്തിട്ടുണ്ട് .
ഇന്ത്യയിലിരുന്നു കൊണ്ട് പാകിസ്ഥാനെ സഹായിക്കുന്നവരുടെ മുഖംമൂടീ വലിച്ചുകീറുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയ ഹാക്കർ ഗ്രൂപ്പാണ് മല്ലു സൈബർ സോൾജിയേഴ്സ് . ഇന്ത്യൻ സൈറ്റുകളിൽ ചിലതിനെ ഹാക്ക് ചെയ്യാതെ സംരക്ഷിക്കുന്നതും ഇവർ തന്നെ . അതോടൊപ്പം ഹാക്ക് ചെയ്യപ്പെട്ട സൈറ്റുകൾ തിരിച്ചെടുക്കാൻ സഹായിക്കുന്നുമുണ്ട് .
കഴിഞ്ഞ റിപ്പബ്ളിക് ദിനത്തിലും പാകിസ്ഥാന് കനത്ത ആഘാതമാണ് മലയാളി ഹാക്കർമാർ നൽകിയത്.രാജ്യം റിപ്പബ്ളിക്ക് ദിനം ആഘോഷിച്ചപ്പോൾ ആശംസകൾ പാക് സൈറ്റുകളിൽ വരെ വന്നു. ചില സൈറ്റുകളിൽ വന്ദേമാതര ഗാനവും ഉൾപ്പെട്ടു . ഇന്ത്യയുടെ റിപ്പബ്ളിക്ക് ദിന സന്ദേശവുമായാണ് ചില പാക് സൈറ്റുകൾ ഉറക്കമുണർന്നത് തന്നെ .
എന്തായാലും ചുണ്ടക്ക കൊടുത്ത് വഴുതനങ്ങയല്ല വലിയൊരു മത്തങ്ങ തന്നെ വാങ്ങിയ അവസ്ഥയിലാണ് പാക് ഹാക്കർമാർ . കളിച്ചാൽ കളി പഠിപ്പിക്കുമെന്ന ആത്മവിശ്വാസത്തിൽ ഒന്നിന് ഇരുനൂറെന്ന തോതിൽ തിരിച്ചടിച്ച് മല്ലു ഹാക്കർമാരും മുന്നോട്ട് തന്നെയാണ് .