തിരുവനന്തപുരം: അയ്യപ്പപണിക്കർ ഫൗണ്ടേഷൻ യുവജനങ്ങൾക്കായി മൊബൈൽ ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. മലയാള കവിതാചരിത്രതിൽ ഒരു വലിയ മാറ്റത്തിനു തുടക്കം കുറിച്ച, ആധുനിക കവിതയുടെ അഗ്രഗണ്യരിൽ ഒരാളായ ഡോ. അയ്യപ്പപണിക്കരുടെ കവിതകൾ പുതിയ തലമുറയിലെത്തിക്കുന്നതിനുളള അയ്യപ്പപണിക്കർ ഫൗണ്ടേഷന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ മത്സരം സംഘടിപ്പിക്കുന്നതെന്ന് കവി സച്ചിദാനന്ദൻ പറഞ്ഞു.
കവിതകളുടെ ചിത്രീകരണങ്ങളായ ദൃശ്യാവിഷ്കാരങ്ങളല്ല, അവയുടെ സാരാംശം അറിഞ്ഞുകൊണ്ടുളള പുതിയ മാനങ്ങളുളള വ്യാഖ്യാനങ്ങളാണ് അഭികാമ്യം. ഒന്നാം സമ്മാനം 25,000 രൂപയും, രണ്ടാം സമ്മാനം 15,000 രൂപയും, മൂന്നാം സമ്മാനം 10,000 രൂപയും ആണ്. മികച്ച സൃഷ്ടികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നതായിരിക്കും.
തിരുവനന്തപുരത്ത് 2017 ഏപ്രിൽ 29,30 മെയ് 1 തീയതികളിൽ സംഘടിപ്പിക്കുന്ന അയ്യപ്പപ്പണിക്കർ കാവ്യോത്സവത്തിൽ മികച്ച ചിത്രങ്ങളുടെ പ്രദർശനമേള സംഘടിപ്പിക്കും. ചിത്രീകരണം പൂർത്തിയായ ഷോർട്ട്ഫിലിമുകൾ സി.ഡിയിലാക്കി അയക്കുകയോ, യുട്യൂബിൽ അപ്ലോഡ് ചെയ്ത ശേഷം ലിങ്ക് അയക്കുകയോ ചെയ്യാം.
സംവിധായകന്റെയും മറ്റു പിന്നണി പ്രവർത്തകരുടെയും പേരുവിവരങ്ങൾ കൃത്യമായി [email protected] എന്ന ഇ മെയിൽ വിലാസത്തിൽ അയച്ചു നൽകണം. മത്സരചിത്രങ്ങൾ ലഭിക്കേണ്ട അവസാന തീയതി 25 / 04 / 2017 ആണ്.
മത്സരത്തിന്റെ വ്യവസ്ഥകൾ തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് www.ayyappapaniker.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.