തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ മൃതദേഹവുമായി ആരോഗ്യവകുപ്പ് ജീവനക്കാരുടെ പ്രതിഷേധം. 13 മാസമായി ശമ്പളമില്ലാത്തതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത കാസര്‍ഗോഡ് സ്വദേശിയുടെ മൃതദേഹവുമായാണ് സമരം. ഇന്നലെ വൈകിട്ടാണ് ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന് ജഗദീശന് ആത്മഹത്യ ചെയ്തത്.
സംസ്ഥാനത്ത് ഡെങ്കിപ്പനി പടര്‍ന്ന് പിടിച്ചതിനെത്തുടര്‍ന്ന് 2012 ജൂണിലാണ് ആരോഗ്യവകുപ്പില്‍ ഇരുന്നൂറോളം ജോലിക്കാരെ താല്ക്കാലികാടിസ്ഥാനത്തില് നിയമിക്കുന്നത്. എന്‍ആര്‍എച്ച്എം സ്കീമിന് കീഴില്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ മുതലുള്ള ആശുപത്രികളിലായാണ് ഇവരെ നിയോഗിച്ചത്.
ക്ലീനിംഗ് സ്റ്റാഫ്, സ്റ്റാഫ് നഴ്സ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തുടങ്ങിയ തസ്തികകളില്‍ ഡിഎംഒ പോസ്റ്റിംഗ് വഴി ജോലിക്കെടുത്ത ശേഷം നാല് വര്‍ഷത്തോളം ഇവരെ നിലനിര്‍ത്തി. എന്നാല്‍ 13 മാസത്തെ ശമ്പളം കുടിശ്ശിക കിടക്കെ പെട്ടെന്നൊരു ദിവസം ഇവരോട് പിരിഞ്ഞ് പോകാന്‍ ആരോഗ്യ വകുപ്പ് ആവശ്യപ്പെടുകയായിരുന്നു.
ശമ്പളം ഇല്ലാതെ കടം മൂലം ഇന്നലെ ആത്മഹത്യ ചെയ്ത ജഗദീശന് ഉള്‍പ്പെടെയുള്ളവര്‍ കോടതിയെ സമീപിച്ച് ശമ്പളകാര്യത്തില്‍ അനുകൂല ഉത്തരവ് സമ്പാദിച്ചെങ്കിലും ഫണ്ടില്ലെന്നായിരുന്നു അധികൃതരുടെ മറുപടി. സെക്രട്ടേറിയറ്റിലെ പല സെക്ഷനുകളിലായി ഒറ്റയ്ക്കും കൂട്ടമായും നിരവധി തവണ ഇവര്‍ കയറിയിറങ്ങുകയും ചെയ്തു.
എല്ലാവഴികളും അടഞ്ഞതോടെയാണ് ജഗദീശന് ലോഡ്ജ്ജ് മുറിയില്‍ ആത്മഹത്യ ചെയ്തത്. അതേസമയം ശമ്പള കുടിശ്ശിക ലഭ്യമാക്കുകയും തങ്ങളെ പുനരധിവസിപ്പിക്കുകയും ചെയ്യാത്ത പക്ഷം സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരാനാണ് ഇവരുടെ തീരുമാനം.