തിരുവനന്തപുരം: ലൈംഗിക ആരോപണത്തേത്തുടർന്ന് രാജി വച്ച ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനെതിരേ വടക്കാഞ്ചേരി എം.എൽ.എ അനിൽ അക്കര ഡി.ജി.പിക്കു പരാതി നൽകി. ശശീന്ദ്രന്റേതെന്ന നിലയിൽ സ്വകാര്യ ചാനൽ പുറത്തു വിട്ട അശ്ലീലച്ചുവയുളള സംഭാഷണത്തിനെതിരേ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് അനിൽ അക്കര സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
സംസ്ഥാന പൊലീസ് മേധാവിയുടെ കീഴിലുളള സേന സ്ത്രീസുരക്ഷയ്ക്കു പ്രാധാന്യം നൽകി മുന്നോട്ടു പോകുന്നുവെന്ന് പറഞ്ഞു കേൾക്കുമ്പൊഴും സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ പൊലീസ് സേനയുടെ നിസ്സംഗതയുടെ ഫലമായാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ചാനൽ പുറത്തു വിട്ട ശശീന്ദ്രന്റെ അശ്ലീലസംഭാഷണത്തിന്റെ ശബ്ദരേഖയുടെ അടിസ്ഥാനത്തിൽ ശശീന്ദ്രനെതിരേ കേസ് രജിസ്റ്റർ ചെയ്ത്, അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തണമെന്നാണ് അനിൽ അക്കര പരാതിയിൽ ആവശ്യപ്പെടുന്നത്.