തിരുവനന്തപുരം: കേരളാ സര്‍വകലാശാല സ്റ്റുഡന്റ്സ് സര്‍വീസ് ഡയറക്ടര്‍ക്ക് എസ്എഫ്ഐയുടെ ക്രൂര പീഡനം. സിന്‍ഡിക്കേറ്റംഗം എ.എ.റഹീമിന്റെ നേതൃത്വത്തില്‍ ശാരീരികവും മാനസികവുമായി ഉപദ്രവിച്ചെന്ന് ടി.വിജയലക്ഷ്മി പറഞ്ഞു. തനിക്കും പിവിസിക്കുമെതിരെ റഹീം വധഭീഷണി മുഴക്കിയതായും പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും വിജയലക്ഷ്മി ജനം ടിവിയോട് പറഞ്ഞു.
ഇക്കഴിഞ്ഞ മാര്‍ച്ച് 30ന് സര്‍വകലാശാല യുവജനോത്സവത്തിനിടെയാണ് സംഭവം. സര്‍വകലാശാല കലോത്സവത്തിന്റെ അവസാന ഗഡുവായ ഏഴ് ലക്ഷം രൂപ നിയമവിരുദ്ധമായി നല്‍കണമെന്നാവശ്യപ്പെട്ട് സിന്‍ഡിക്കേറ്റ് അംഗം എ.എ.റഹീമും യൂണിവേഴ്സിറ്റി യൂണിയനിലെ എസ്എഫ്ഐ ഭാരവാഹികളുമുള്പ്പെടുന്ന സംഘം ഓഫീസിലെത്തി വിജയലക്ഷ്മിയെ തടഞ്ഞ് വയ്ക്കുകയായിരുന്നു. തുടര്‍ന്ന് മൂന്നര മണിക്കൂറോളം ഏല്‍ക്കേണ്ടി വന്നത് കൊടിയ പീഡനമായിരുന്നുവെന്ന് ഇവര്‍ പറയുന്നു.
താനും പ്രോ വിസിയും തമ്മില്‍ അവിഹിതമാണെന്നു വരെ ആരോപിച്ചു. വെള്ളം കുടിക്കാനോ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനോ പോലും അനുവദിച്ചില്ലെന്നതിനൊപ്പം കേട്ടാലറയ്ക്കുന്ന തെറിയാണ് എ.എ.റഹീം ഉള്‍പ്പെടെയുള്ളവര്‍ വിളിച്ചത്. തല്‍സ്ഥാനത്ത് തുടരാനോ വീടിന് പുറത്തിറങ്ങാനോ അനുവദിക്കില്ലെന്നും കൊന്നുകളയുമെന്നും റഹീം ഭീഷണിപ്പെടുത്തിയതായി വിജയലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇതിന് മുന്‍പ് സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഭയം മൂലം ആരും പരാതിപ്പെടാത്തതാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും, ഡിജിപിക്കും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.