മലപ്പുറം: മലപ്പുറം ഉപതിരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തിന് ഷോക്ക്ട്രീറ്റ്മെന്റായിരിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി. കേരളത്തിലും ത്രിപുരയിലുമല്ലാതെ സി.പി.എം മറ്റെവിടെയാണ് അവശേഷിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. മലപ്പുറത്ത് മാദ്ധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതീയജനതാപാർട്ടിയെ നേരിടാൻ ഇടതുപക്ഷത്തിനേ സാധിക്കൂ എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സി.പി.എം പ്രതിപക്ഷസ്ഥാനത്തു പോലുമില്ലെന്നും ആന്റണി ചൂണ്ടിക്കാട്ടി.
പാർട്ടിക്ക് സ്വാധീനമില്ലാത്ത ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം ഒറ്റയ്ക്ക് മത്സരിച്ച സി.പി.എം ബംഗാളിൽ മാത്രം കോൺഗ്രസ്സിനൊപ്പം ചേർന്നത് തൃണമൂലിനെ ചെറുക്കാനാണെന്നും സി.പി.എമ്മിന്റെ രാഷ്ട്രീയനയം അതാണെന്നും ആന്റണി പറഞ്ഞു.