ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരതത്തെ വികസനത്തിലേക്ക് നയിക്കുന്ന നായകനെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടേൺബുൾ. നരേന്ദ്ര മോദിക്ക് കീഴീൽ ശരിയായ ദിശയിലാണ് രാജ്യം മുന്നേറുന്നതെന്നും ടേൺബുൾ പറഞ്ഞു. നാലു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് ടേൺബുൾ ഇന്ത്യയിലെത്തിയത്.
പ്രധാനമന്ത്രിയെന്ന നിലയിൽ ആദ്യമായി ഇന്ത്യയിലെത്തിയ മാൽകം ടേൺബുളിന് പരമ്പരാഗത രീതിയിലാണ് രാഷ്ട്രപതി ഭവനിൽ സ്വീകരണം ഒരുക്കിയത്. തുടർന്ന് കേന്ദ്ര വിദേശകാര്യകാര്യമന്ത്രി സുഷ്മ സ്വരാജ് ഉൾപ്പെടെയുള്ള പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി.
ഭാരതത്തിന് നരേന്ദ്രമോദി നൽകുന്ന നേതൃത്വം മറ്റ് ലോകരാഷ്ട്രങ്ങൾക്ക് മാതൃകയാണെന്ന് രാഷ്ട്രപതി ഭവനിലെ സ്വീകരണത്തിന് ശേഷം ടേൺബുൾ പറഞ്ഞു. ഇരുരാജ്യങ്ങളും വിവിധ വിഷയങ്ങളിൽ ഒന്നിച്ച് പ്രവർത്തിക്കും. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഓസ്ട്രേലിയിൽ നിരവധി അവസരങ്ങൾ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ ഹൈദരാബാദ് ഭവനിലാണ് ഇരു പ്രധാനമന്ത്രിമാരും കൂടിക്കാഴ്ച നടത്തിയത്. ഓസ്ട്രേലിയയുമായുള്ള സഹകരണം പുതിയ നാഴികക്കല്ലുകൾക്ക് തുടക്കമിടുമെന്ന് ഇരുവരും ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ നരേന്ദ്രമോദി പറഞ്ഞു. പരസ്പര സഹകരണത്തിലൂടെ ഭാവിയിൽ ഇരു രാജ്യങ്ങൾക്കും നിരധി അവസരങ്ങൾ ഉണ്ടാകുമെന്നും നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.
തീവ്രവാദം, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് നിരവധി കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെക്കും. കൂടിക്കാഴ്ചയ്ക്ക് ശേഷം അക്ഷർധാം ക്ഷേത്രം സന്ദർശിക്കാനും മെട്രോ ട്രെയിനിൽ യാത്രചെയ്യാനും ഇരുവരും സമയം കണ്ടെത്തി.