കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്തുവെന്ന് ആരോപിക്കപ്പെട്ടവരെ വരുന്ന വ്യാഴാഴ്ച വിസ്തരിക്കും. ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ആരോപണവിധേയരായ 260 പേരുടെ വിസ്താരമാണ് ആരംഭിക്കുക. വിദേശത്തായിരുന്ന ഇവരുടെ പേരില്‍ കള്ളവോട്ട് നടന്നുവെന്നാണ് ആക്ഷേപം.
മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ ഉള്‍പ്പെടെ 260 പേരുടെ വോട്ട് വിവിധയിടങ്ങളിലായി രേഖപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കെ.സുരേന്ദ്രന്റെ പരാതി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി തുടര്‍ നടപടികളുടെ ഭാഗമായാണ് ആരോപണവിധേയരായ വ്യക്തികളെ വിസ്തരിക്കാന്‍ തീരുമാനിച്ചത്.
വരുന്ന വ്യാഴാഴ്ച മുതല്‍ ഹാജരാകാനാണ് കോടതി ഇവര്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ഒപ്പം ഇവരുടെ എമിഗ്രേഷന്‍ സംബന്ധിയായ വിവരങ്ങള്‍ കൈമാറാന്‍ വിദേശകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. നേരത്തെ കേസുമായി ബന്ധപ്പെട്ട് അന്ന് തെരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ കോടതി വിസ്തരിച്ചിരുന്നു.
അതേസമയം സമന്‍സ് ലഭിച്ചവര്‍ കോടതി നടപടികളുമായി സഹകരിക്കാത്ത പക്ഷം വിദേശയാത്രാ നിയന്ത്രണം ഉള്‍പ്പെടെയുള്ളവ ഉണ്ടാകാനിടയുണ്ട്. അതിനാല്‍ത്തന്നെ വിസ്താരം സുഗമമായി നടക്കുമെന്ന് തന്നെയാണ് സൂചന.
തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിലെ പി.ബി.അബ്ദുറസാഖിനോട് കേവലം 89 വോട്ടിനാണ് പരാജയപ്പെട്ടതെന്നിരിക്കെ കെ.സുരേന്ദ്രനെയും ബിജെപിയെയും സംബന്ധിച്ച് കോടതി നടപടികള്‍ നിര്‍ണായകമാണ്. ഹര്‍ജി കോടതി അനുകൂലമായി തീര്‍പ്പാക്കുന്ന പക്ഷം ബിജെപിക്ക് ഒരു എംഎല്‍എയെ കൂടി നിയമസഭയിലേക്ക് അയക്കാനും സാധിക്കും.