തിരുവനന്തപുരം : ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത്ഷായ്ക്കെതിരെ വ്യാജപ്രചാരണം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ബിജെപി പ്രവർത്തകന്റെ വക്കീൽ നോട്ടീസ് . ബിജെപി വലിയവിള ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി എസ് എം ആനന്ദാണ് വക്കീൽ നോട്ടീസ് അയച്ചത്.
മലയാള മനോരമ പത്രത്തിൽ ജൂൺ മൂന്നിന് വന്ന കോടിയേരിയുടെ പ്രസ്താവനയിലാണ് അമിത് ഷായ്ക്കെതിരെ അമിത് ഷായ്ക്കെതിരെയുള്ള അപവാദ പ്രചാരണമുള്ളതെന്ന് പരാതിക്കാരൻ പറയുന്നു. കേരളത്തിലെ ജനങ്ങളെ വിലയ്ക്കെടുക്കാൻ അമിത് ഷാ ചുറ്റിക്കറങ്ങുകയാണെന്നും ഇതിനായി 1200 കോടി ചെലവാക്കുന്നുണ്ടെന്നുമാണ് കോടിയേരി പറഞ്ഞത് . ഇതിൽ 500 കോടി ആർ.എസ്.എസിനാണെന്നും കോടിയേരി ആരോപിച്ചിരുന്നു.
യാതൊരു അടിസ്ഥാനവുമില്ലാതെ പ്രസിദ്ധീകരിച്ച പ്രസ്താവന ബിജെപി പ്രവർത്തകൻ എന്ന നിലയിൽ മാനഹാനിക്ക് കാരണമായെന്ന് വക്കീൽ നോട്ടീസിൽ പറയുന്നു . പ്രസ്താവന പിൻവലിച്ച് മാപ്പ് പറയാത്ത പക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നാണ് വക്കീൽ നോട്ടീസിൽ പറഞ്ഞിരിക്കുന്നത്.