കൊച്ചി: ഇ.പി.ജയരാജനെതിരായ ബന്ധുനിയമനക്കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ഈമാസം പതിമൂന്നിലേക്ക് മാറ്റി. പരാതിക്കാരനായ പായിച്ചിറ നവാസുമായി ബന്ധപ്പെട്ട മറ്റ് കേസുകളുടെ വസ്തുതകള്‍ ശേഖരിക്കാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കൊണ്ടാണ് ഹൈക്കോടതി നടപടി. സംസ്ഥാനത്ത് പരാതിഭ്രാന്തന്മാരുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്നും വിജിലന്‍സ് കേസുകള്‍ പരിഗണിക്കവേ കോടതി അഭിപ്രായപ്പെട്ടു.
പൊതുതാല്പര്യമെന്ന പേരില്‍ ലഭിക്കുന്ന പരാതികളിന്മേല് വിജിലന്‍സ് കേസുകളുടെ എണ്ണം സംസ്ഥാനത്ത് പെരുകുന്ന സാഹചര്യമാണുള്ളതെന്ന് നിരീക്ഷിച്ചു കൊണ്ടാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം. കേരളത്തില്‍ പരാതി ഭ്രാന്തന്മാരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുകയാണ്. ഇവര്‍ക്ക് സമൂഹത്തില്‍ നിന്നും വലിയ ആദരവ് ലഭിക്കുന്ന സാഹചര്യമാണ് ഉള്ളത്. മാദ്ധ്യമങ്ങള്‍ ഇക്കൂട്ടര്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നതും ഇത്തരക്കാര്‍ക്ക് പ്രേരണയാകുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
തെറ്റായ കേസുകള്‍ നല്കിയാല് അവരെ ശിക്ഷിക്കുന്നതിനുള്ള നിയമം ഇന്ത്യയില്‍ ഉണ്ട്. അത് കേരളത്തില്‍ പ്രാവര്‍ത്തികമാക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്കിയ കോടതി പായിച്ചിറ നവാസിന്റെ മറ്റ് കേസുകളുമായി ബന്ധപ്പെട്ട വസ്തുതകള്‍ ശേഖരിക്കണമെന്നും ആവശ്യപ്പെട്ടു.
ഇതേത്തുടര്‍ന്നാണ് ബന്ധുനിയമനം, ശങ്കര്‍ റെഡ്ഡിയുടെ അനധികൃത സ്ഥാനക്കയറ്റം സംബന്ധിച്ച ഹര്‍ജികള്‍ ഈ മാസം പതിമൂന്നിലേക്ക് മാറ്റിയത്. നേരത്തെ പായിച്ചിറ നവാസിനോട് നേരിട്ടെത്താന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ ഹാജരായിരുന്നില്ല.
അതേസമയം വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച മാര്‍ഗ്ഗരേഖ തയ്യാറാക്കുന്ന വിഷയം വിധി പറയുന്നതിനായി ഹൈക്കോടതി മാറ്റിവച്ചിട്ടുണ്ട്.