കൊച്ചി: പുതുവൈപ്പ് സമരക്കാര്‍ക്കെതിരായ പോലീസ് നടപടിയെ ന്യായീകരിച്ച് ഡിജിപി സെന്‍കുമാര്‍. ഡിസിപി യതീഷ്ചന്ദ്ര സമരസ്ഥലത്ത് പോയിട്ടില്ല. മറൈന്‍ഡ്രൈവിന് മുന്നിലെ അപ്രഖ്യാപിത പ്രതിഷേധത്തില്‍ നിന്നും സമരക്കാരെ പിന്തിരിപ്പിക്കുക മാത്രമാണ് ചെയ്തത്. അതേസമയം പുതുവൈപ്പ് സമരം അക്രമത്തില്‍ കലാശിച്ചതിന് പിന്നില്‍ മതമൗലികവാദ സംഘടനകള്‍ക്ക് പങ്കുണ്ടെന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.
പുതുവൈപ്പ് സമരം വഷളാക്കിയത് മാദ്ധ്യമങ്ങളാണെന്ന് പറഞ്ഞ് കൊണ്ടാണ് ഡിജിപി സെന്‍കുമാര്‍ ചോദ്യങ്ങളെ നേരിട്ടത്. ഡിസിപി യതീഷ്ചന്ദ്ര സമരം നടക്കുന്ന പുതുവൈപ്പില്‍ പോയിട്ടില്ല. മറൈന്‍ ഡ്രൈവിലെ അപ്രഖ്യാപിത പ്രതിഷേധത്തില്‍ നിന്നും സമരക്കാരെ പിന്തിരിപ്പിക്കുക മാത്രമാണ് ചെയ്തത്. മറൈന്‍ഡ്രൈവ് സംഭവത്തിന്റെ വീഡിയോ താന്‍ കണ്ടെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.
പുതുവൈപ്പില്‍ പോലീസിനെ ഏല്‍പ്പിച്ച ജോലി അവിടെയുള്ള എല്‍എന്‍ജി പ്ലാന്റിന് സംരക്ഷണം നല്‍കുകയെന്നതാണ്. അത് നിര്‍വഹിക്കുക മാത്രമാണ് പോലീസ് ചെയ്തതെന്നും സമരക്കാര്‍ക്കെതിരായ പോലീസ് നടപടികളെ സെന്‍കുമാര്‍ ന്യായീകരിച്ചു.
അതേസമയം ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള മതമൗലികവാദ സംഘടനകളാണ് പുതുവൈപ്പില്‍ സമാധാനപരമായി പുരോഗമിച്ചിരുന്ന സമരം അക്രമത്തില്‍ കലാശിച്ചതിന് കാരണമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.