കോട്ടയം: സിപിഎം ഭരിക്കുന്ന കോട്ടയം ഈരാറ്റുപേട്ട നഗരസഭാധ്യക്ഷനെതിരെ പാര്‍ട്ടിതന്നെ രംഗത്ത്. ലോക്കല്‍ കമ്മറ്റിയംഗംകൂടിയായ ടി എ റഷീദിനെ മാറ്റാന്‍ സിപിഎം തീരുമാനം എടുത്തതോടെ ഭരണകൂടം പ്രതിസന്ധിയിലായിരിക്കുകയാണ്. പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന്റെ അഴിമതികള്‍ക്ക് കൂട്ടു നില്‍ക്കാത്തതാണ് തനിക്കെതിരെയുള്ള നടപടിക്ക് കാരണമെന്ന് റഷീദ് പറഞ്ഞു.
തന്നെ പുറത്താക്കാനുള്ള പാര്‍ട്ടി തീരുമാനം അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമുള്ള അഴിമതികള്‍ നടത്താന്‍ അവസരം ഒരുക്കാത്തതുമാണ് തനിക്കെതിരെയുള്ള അമര്‍ഷത്തിന് കാരണമെന്നും റഷീദ് പറഞ്ഞു.
നഗരസഭയില്‍ നടത്തുന്ന പല നിയമനങ്ങളിലും പാര്‍ട്ടി നേതാക്കന്മാര് നിര്‍ദ്ദേശിക്കുന്നവരെ പരിഗണിക്കാത്തതിനാല്‍ നിയമനങ്ങളില്‍ പാര്‍ട്ടി നേതൃത്വം പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ സിപിഎമ്മിനുള്ളില്‍ കടുത്ത വിഭാഗീയതയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്.
റഷീദിനെ പുറത്താക്കാന്‍ മുസ്ലിം ലീഗ്, എസ്ഡിപിഐ, കോണ്‍ഗ്രസ്, ജനപക്ഷം എന്നീ പാര്‍ട്ടികളുടെ പിന്തുണ യാചിച്ചു നടക്കേണ്ട ഗതികേടാണ് സിപിഎമ്മിന് വന്നിരിക്കുന്നത്. പാര്‍ട്ടി അംഗത്തിനെതിരെ തന്നെ അവിശ്വാസം കൊണ്ടുവരാനുള്ള തീവ്ര ശ്രമത്തിലാണ് സിപിഎം.
28 അംഗങ്ങളുള്ള നഗരസഭയില്‍ സിപിഎം-7, സിപിഐ-2, എസ്ഡിപിഐ-4, ജനപക്ഷം-4, കോണ്‍ഗ്രസ്-3, മുസ്ലിംലീഗ്-8 എന്നിങ്ങനെയണ് കക്ഷിനില.