കണ്ണൂർ: മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയില്‍ കണ്ണൂര്‍ ഇരിട്ടി സ്വദേശി ഡെറിക് ജോസഫിന് ആറാം റാങ്ക്. പതിനൊന്ന് ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ എഴുതിയ പരീക്ഷയിലാണ് ഡെറിക് ആറാം സ്ഥാനത്തെത്തിയത്.
നീറ്റ് പരീക്ഷയില്‍ ആറാം റാങ്ക് നേടി ഡെറിക് ജോസഫ് മലയോരത്തിന്റെ അഭിമാനമായി. ഇരിട്ടിക്കടുത്ത് മാടത്തില്‍ പട്ടാരം സ്വദേശിയും സഹകരണവകുപ്പില്‍ അസിസ്റ്റന്റ് ഡയറക്ടറുമായ എം.ഡി.ജോസഫിന്റെയും സഹകരണ ബാങ്ക് ഉദ്യോഗസ്ഥയായ ലിലിയ മാത്യുവിന്റെയും മകനാണ് ഡെറിക്.
പ്രത്യേക പരിശീലന കോഴ്സുകളിലൊന്നും ചേരാതെ ഹയര്‍ സെക്കന്‍ഡറി പഠനത്തോടൊപ്പം തയ്യാറെടുപ്പ് നടത്തിയാണ് ഡെറിക് നീറ്റില്‍ മികച്ച നേട്ടം കൊയ്തത്.
കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം ദേശീയ തലത്തില്‍ നടത്തുന്ന കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന പരീക്ഷയില്‍ ഡെറിക് നേരത്തെ ഒന്നാം സ്ഥാനം നേടിയിരുന്നു.
കൂടാതെ എയിംസ്, ജിപ്മര്‍ പ്രവേശന പരീക്ഷകളില്‍ 16ഉം 17ഉം റാങ്കുകള്‍ നേടി. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പബ്ലിക് സ്കൂളില്‍ നിന്നാണ് എല്ലാ വിഷയത്തിലും എ പ്ലസ്സോടെ ഡെറിക് പ്ലസ് ടു പാസ്സായത്.