കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മെട്രൊ ട്രെയിനിലെ ‘ജനകീയ യാത്ര’ക്കെതിരെ പൊലീസ് കേസെടുത്തു. മെട്രൊ അസിസ്റ്റന്റ് ലൈന്‍ സൂപ്രണ്ടിന്റെ പരാതിയിലാണ് ആലുവ പൊലീസിന്റെ നടപടി. ജനകീയ മെട്രൊ യാത്രയുടെ സംഘാടകര്‍ക്കെതിരെയാണ് കേസ്.
മെട്രൊ ചട്ടങ്ങള്‍ ലംഘിച്ചെന്നും യാത്രക്കാരെ ബുദ്ധിമുട്ടിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. മെട്രൊ സംവിധാനത്തിന് തകരാര്‍ ഉണ്ടാക്കി, സ്റ്റേഷനില്‍ മുദ്രാവാക്യം വിളിച്ചു എന്നീ കാര്യങ്ങളും പരാതിയില്‍ വ്യക്തമാക്കുന്നു. അതേസമയം പൊലീസ് പ്രത്യേകം പേരുകള്‍ എടുത്ത് പറഞ്ഞ് കേസെടുത്തില്ല. സംഘാടകര്‍ക്കെതിരെയാണ് കേസ്. എറണാകുളം ഡിസിസിയാണ് ജനകീയ യാത്ര സംഘടിപ്പിച്ചത്.
ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് നടത്തിയ മെട്രോ യാത്ര ചട്ടങ്ങള്‍ ലംഘിച്ചാണെന്നും നടപടി സ്വീകരിക്കുമെന്നും കെഎംആര്‍എല്‍ നേരത്തെ അറിയിച്ചിരുന്നു.കെഎംആര്‍എല്‍ ഫിനാന്‍സ് വിഭാഗം ഡയറക്ടര്‍ നടത്തിയ അന്വേഷണത്തില്‍ 2002ലെ മെട്രോ ആക്ടിലെ വ്യവസ്ഥകള്‍ ലംഘിച്ചായിരുന്നു യാത്രയെന്നും കണ്ടെത്തിയിരുന്നു.
മെട്രോ നിര്‍മാണം പൂര്‍ത്തിയാക്കിയത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണെന്ന് അവകാശപ്പെട്ടും മെട്രോ ഉദ്ഘാടന ചടങ്ങില്‍ നേതാക്കളെ അവഗണിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് സംഘം ഈ മാസം 20ന് മെട്രോ യാത്ര നടത്തിയത്.