കണ്ണൂര്‍ : വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലയിലെ അഞ്ച് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ പണിമുടക്ക് സമരം ആരംഭിച്ചു. ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. മാനേജ്മെന്റുകള്‍ക്ക് നേരത്തെ നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നഴ്സുമാര്‍ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിച്ചത്.
കണ്ണൂര്‍ ജില്ലയിലെ കൊയിലി ആശുപത്രി, ധനലക്ഷ്മി ആശുപത്രി, സ്പെഷ്യാലിറ്റി ആശുപത്രി, ആശീര്‍വാദ് ആശുപത്രി, തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രി എന്നിവിടങ്ങളിലായി ആയിരത്തിലേറെ നഴ്സുമാരാണ് പണിമുടക്ക് സമരം ആരംഭിച്ചത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ രോകിളെത്തിച്ചേരുന്ന സ്വകാര്യ ആശുപത്രികളാണിവ.
സുപ്രീംകോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് നൂറുകിടക്കകളില് കുറവ് കിടക്കകളുള്ള ആശുപത്രികളില്‍ 20,000 രൂപയും നൂറില്‍ കൂടുതല്‍ കിടക്കകളുള്ള സ്ഥാപനങ്ങളില്‍ 27,000 രൂപയും മിനിമം മാസശമ്പളം നല്‍കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ജൂണ്‍ 28നകം വേതന പരിഷ്കരണം സംബന്ധിച്ച തീരുമാനമുണ്ടായില്ലെങ്കില്‍ പണിമുടക്ക് സമരം നടത്തുമെന്ന് കാണിച്ച് ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ മാനേജ്മെന്റുകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.
പകര്‍ച്ചപ്പനി ബാധയെ തുടര്‍ന്ന് ആയിരക്കണക്കിന് രോഗികള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്ന സാഹചര്യത്തില്‍ നഴ്സുമാരുടെ പണിമുടക്കിന് സര്‍ക്കാര്‍ ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ ആതുരസേവന രംഗത്ത് വന്‍ പ്രതിസന്ധികളുണ്ടാകുമെന്നാണ് സൂചന.