ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയിയുടെ ഏറ്റവും വലിയ ചുവടുമാറ്റത്തിന് ഇന്ന് അര്‍ധരാത്രിയില്‍ തുടക്കം. ഏറ്റവും വലിയ നികുതി പരിഷ്കാരമായ ചരക്ക് സേവന നികുതി (ജിഎസ്ടി)യുടെ ഉദ്ഘാടനം രാത്രി പതിനൊന്ന് മണിക്ക് പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും.
രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, ലോക്സഭ സ്പീക്കര്‍ സുമിത്ര മഹാജന് എന്നിവര്‍ സംബന്ധിക്കും. ചരിത്രനിമിഷത്തില്‍ പങ്കുചേരാന്‍ മുഴുവന്‍ പാര്‍ട്ടികളെയും കേന്ദ്ര സര്‍ക്കാര്‍ ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, സിപിഐ എന്നിവര്‍ സമ്മേളനം ബഹിഷ്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിമാരെയും എംപിമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ മുന്‍ ധനമന്ത്രിയും കേരള കോണ്‍ഗ്രസ് എം ചെയര്‍മാനുമായ കെഎം മാണി പങ്കെടുക്കും. ജിഎസ്ടി ഉന്നതാധികാര സമിതി മുന്‍ ചെയര്മാന് എന്ന നിലയ്ക്കാണ് മാണിയെ ക്ഷണിച്ചിട്ടുള്ളത്.