ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യയ്ക്കുള്ളിലെ സന്ദര്‍ശന വേളയില്‍ സ്വാഗതമോതി നല്കുന്ന പൂക്കള്‍ കൊണ്ടുള്ള ബൊക്കെയ്ക്കു വിലക്ക്.
ബൊക്കെക്ക് പകരം ഒരു പൂവും അതോടൊപ്പം ഖാദിയുടെ തുവാലയോ പുസ്തകമോ നല്കി സ്വാഗതം ചെയ്യാം. ഇതുസംബന്ധിച്ച നിര്‍ദേശം ജൂലൈ 12ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അയച്ചിരുന്നു. ഇക്കാര്യം കര്‍ശനമായി പാലിക്കണമെന്നും ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങളോടു നിര്‍ദേശിച്ചു.
സ്വാഗതമോതുന്നതിനായി ബൊക്കെയ്ക്കു പകരം പുസ്തകം നല്‍കണമെന്ന് ജൂണ്‍ 17ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് അദ്ദേഹം ട്വീറ്റും ചെയ്തിരുന്നു. അത്തരമൊരു നീക്കം വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ജൂണ്‍ 25ന് പ്രക്ഷേപണം ചെയ്ത മന് കി ബാത് പരിപാടിയിലും ബൊക്കെ കൈമാറുന്ന പതിവു നിര്‍ത്തി ഖാദി ഉല്‍പ്പന്നങ്ങള്‍ നല്‍കിത്തുടങ്ങണമെന്നു മോദി ആഹ്വാനം ചെയ്തിരുന്നു. കേരളത്തില്‍ പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് ബൊക്കെയ്ക്കു പകരം പുസ്തകങ്ങള്‍ സമ്മാനിക്കുന്നതിനെ അദ്ദേഹം അന്ന് ഉദാഹരണമായി എടുത്തുകാട്ടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാറ്റം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ തീരുമാനിച്ചത്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി വായന പോഷിപ്പിക്കാന്‍ വാച്ഛേ ഗുജറാത്ത് എന്നൊരു പ്രസ്ഥാനം ആരംഭിച്ചിരുന്നു. യുവാക്കളെ വായനയോടടുപ്പിക്കാനുള്ള പദ്ധതിയായിരുന്നു ഇത്. സന്ദര്‍ശന വേളകളില്‍ പൂച്ചെണ്ടുകള്‍ക്കു പകരം പുസ്തകം നല്കാന് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ആഹ്വാനം ചെയ്തിരുന്നു.