തിരുവനന്തപുരം : കേരള സര്‍ക്കാര്‍ ഫാസിസത്തിന്റെ പര്യായമായി മാറിയെന്നു കേന്ദ്ര നൈപുണ്യ വികസനമന്ത്രി രാജീവ് പ്രതാപ് റൂഡി. തിരുവനന്തപുരം കേസരിയില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരുടേയും ഭക്ഷണ ശീലത്തില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. പശുവിനെ ആരാധിക്കുന്ന വലിയ ഒരു വിഭാഗം ജനങ്ങള്‍ ഉള്ള നാടാണ് ഭാരതം. അതിന്റെ പേരില്‍ വര്‍ഗീയ ചേരിതിരിവ് അനുവദിക്കില്ലെന്നു പ്രധാനമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ത്രിപുരയിലും കേരളത്തിലും മാത്രമുള്ള സിപിഎമ്മിന് എങ്ങനെയാണു ദേശീയ നിലപാടു സ്വീകരിക്കാനാവുന്നത്. കശ്മീരിനുശേഷം അഭയാര്‍ഥി ക്യാംപ് തുറക്കേണ്ട ഗതികേടിലേക്കു സിപിഎം കേരളത്തെ കൊണ്ടു ചെന്നെത്തിച്ചുവെന്നും മന്ത്രി ആരോപിച്ചു.
നോട്ടു നിരോധനത്തിനു ശേഷം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വന്‍തോതില്‍ കുറവ് വന്നിട്ടുണ്ട്. ഇടത് തീവ്രവാദം ഏറക്കുറെ ഇല്ലാതയായി. മധ്യപ്രദേശിലെ കര്‍ഷക ആത്മഹത്യ എന്നത് പെരുപ്പിച്ച് കാണിച്ചതാണ്. കര്‍ഷകര്‍ക്ക് വൈദ്യുതിയും വെള്ളവും വളവും സബ്സിഡിയായി നല്കുന്ന സംസ്ഥാനമാണ് മദ്ധ്യപ്രദേശ്. ഇവിടെ കാര്‍ഷിക വളര്‍ച്ചാ നിരക്ക് 20 ശതമാനമാണ്.
മൂന്നു വര്‍ഷത്തെ ഭരണം കൊണ്ടു രാജ്യത്തെ വികസന പാതയില്‍ എത്തിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാരിനായെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്, ജില്ലാ അധ്യക്ഷന്‍ അഡ്വ. എസ്.സുരേഷ് എന്നിവരും പങ്കെടുത്തു.