തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ എം.വിന്‍സെന്റിനെ അറസ്റ്റു ചെയ്തതിന് പിന്നില്‍ സി.പി.എമ്മിന്റെ ഗൂഢാലോചനയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന് ആരോപിച്ചു. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന നിലപാടില്‍ മാറ്റമില്ലെന്നും നെയ്യാറ്റിന്‍കരയിലെ സി.പി.എം. എം.എല്‍.എയും നേതാക്കളുമാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നിലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിന്‍സെന്റിനെ പാര്‍ട്ടി കെ.പി.സിസി സെക്രട്ടറി അടക്കമുള്ള എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും നീക്കിയതായും ഹസന് പറഞ്ഞു. കോടതി കുറ്റവിമുക്തനാക്കുന്നത് വരെയാണ് ഈ നടപടി. അതേസമയം, പാര്‍ട്ടിയുടെ അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിട്ടില്ല. ഉന്നത ജനാധിപത്യ മര്യാദ കാത്തുസൂക്ഷിക്കുന്ന പാര്‍ട്ടി എന്ന നിലയിലാണ് വിന്‍സെന്റിനെതിരെ നടപടി എടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു.
ഇതേസമയം, എം.എല്‍.എ സ്ഥാനം വിന്‍സെന്റ് രാജിവയ്ക്കേണ്ടതില്ലെന്നും ഹസന് വ്യക്തമാക്കി. ഇപ്പോള്‍ അദ്ദേഹം കുറ്റാരോപിതന് മാത്രമാണ്. കോടതിയില്‍ കുറ്റം തെളിഞ്ഞാല്‍ മാത്രമെ രാജിയുടെ പ്രശ്നം ഉദിക്കുന്നുള്ളൂവെന്നും ഹസന് വിശദീകരിച്ചു.
എം.എല്‍.എയെ തിരക്കിട്ട് അറസ്റ്റു ചെയ്തത് ഇതിന് തെളിവാണ്. വിന്‍സെന്റിനെതിരായ ആരോപണം രാഷ്ട്രീയ ഗൂഡാലോചനയെന്ന് പരാതിക്കാരിയുടെ സഹോദരി തന്നെ പറഞ്ഞിട്ടുണ്ട്. ആരോപണത്തിനും ഗൂഡാലോചനയ്ക്കും പിന്നില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകനായ സഹോദരനാണെന്നും അവര്‍ പറഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഗൂഢാലോചന സംബന്ധിച്ചും പ്രത്യേക അന്വേഷണ സംഘം പരിശോധിക്കണമെന്നും ഹസന് ആവശ്യപ്പെട്ടു.