തിരുവനന്തപുരം : കൂടുതല്‍ മലയാളികള്‍ ഐഎസില്‍ ചേര്‍ന്നതായി സൂചന. വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്ന പലരെയും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നിരീക്ഷിക്കുകയാണ്.
സംഘടനയില്‍ അംഗമാകാനും ഇസ്ലാമിക് സ്റ്റേറ്റിന്റെ ലക്ഷ്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനുമുള്ള ഉദ്ദേശ്യത്തോടെ ഗൂഢാലോചന നടത്തിയ രണ്ടുപേരെ ദേശീയ അന്വേഷണ ഏജന്‍സി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കാസര്‍കോഡ് സ്വദേശി അബ്ദുല്‍ റഷീദ് , ബീഹാറിലെ സിതാമരി ജില്ലയില്‍ നിന്നുള്ള യാസ്മിന് മുഹമ്മദ് സഹീദ് എന്നിവരെയാണ് എന്‍ഐഎ അറസ്റ്റു ചെയ്തത്.
അബ്ദുള്‍ റഷീദ് ജില്ലയില്‍ നിന്നുള്ള യുവാക്കളെ ഐഎസില്‍ ചേര്‍ക്കുവാന്‍ വേണ്ടി കാസര്‍കോഡിലും മറ്റ് സ്ഥലങ്ങളിലും ക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നു.
14 പേരോടൊപ്പം റഷീദ് 2015 ജൂലായ് മാസം മുതല്‍ ഐഎസില്‍ ചേരുന്നതിനുളള ഗൂഢാലോചന നടത്തിയിരുന്നു.
2016 ജൂലായ് 30 ന് ന്യൂഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നാണ് യാസ്മിന് മുഹമ്മദ് സഹീദിനെ എന്‍ഐഎ അറസ്റ്റു ചെയ്തത്.
എന്‍ഐഎ നടത്തിയ അന്വേഷണപ്രകാരം, റഷീദ് ഭീകര സംഘടനയ്ക്കായി ഫണ്ട് ശേഖരിക്കുകയും യാസ്മിന് അത്തരം ഫണ്ടുകള്‍ കൈമാറിയതായും കണ്ടെത്തിയിരുന്നു.