കൊച്ചി: തനിക്ക് പിന്തുണ നൽകിയ എല്ലാവർക്കും നന്ദിയറിയിക്കുന്നതായി ക്രിക്കറ്റ് താരം ശ്രീശാന്ത്. താനിപ്പോൾ ഫിറ്റ്നസ് വീണ്ടെടുക്കാനുളള ശ്രമത്തിലാണെന്നും ടീമിലേക്ക് തിരിച്ചെത്തുകയാണ് ആദ്യ ലക്ഷ്യമെന്നും ശ്രീശാന്ത് കൊച്ചിയിൽ പറഞ്ഞു.
വിലക്ക് നീക്കിയതിന് ശേഷം കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ശ്രീശാന്ത്.
താനിപ്പോൾ വളരെ സന്തോഷവാനാണ്. ഒരു ക്രിക്കറ്റ് താരമായി അറിയപ്പെടാനാണ് താനെപ്പോഴും ആഗ്രഹിക്കുന്നത്. പരിക്ക് മൂലം വിട്ടുനിന്ന ശേഷം താൻ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട് അതുപോലൊരു തിരിച്ചുവരവാണ് പ്രതീക്ഷിക്കുന്നത്.
ഇപ്പോൾ ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും ശ്രീശാന്ത് പറഞ്ഞു.
നേരത്തെ ക്രിക്കറ്റിൽ നിന്നുള്ള ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കിയിരുന്നു. ശ്രീശാന്ത് നൽകിയ ഹർജിയിലായിരുന്നു കോടതി നടപടി.
മുൻപ് ഐപിഎൽ ഒത്തുകളി വിവാദത്തിൽ ഡൽഹി ഹൈക്കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിരുന്നു.