കോട്ടയം : നാളുകളായി നടന്നുവരുന്ന സിപിഎം അക്രമങ്ങള്‍ക്ക് നേതൃത്വം നല്കുന്ന എസ്എഫഐ നേതാവ് പൊലീസ് സ്റ്റേഷനില്‍ എസ്ഐയുടെ തൊപ്പി ധരിച്ച് നില്ക്കുന്ന ചിത്രം ജനം ടിവിക്ക്. കുമരകം സ്വദേശിയും എസ്എഫ്ഐ ജില്ലാ കമ്മറ്റി അംഗവുമായ മിഥുനിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ബിജെപി ഏറ്റുമാനൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയെ അക്രമിച്ചതും മിഥുനാണ്.
കോട്ടയം കുമരകത്തും പരിസര പ്രദേശങ്ങളിലും നാളുകളായി നടന്നുവരുന്ന അക്രമ പരമ്പരയ്ക്ക് നേതൃത്വം നല്‍കുന്നത് അമ്പിളി എന്നറിയപ്പെടുന്ന മിഥുന് ആണ്. എസ്എഫ്ഐ ജില്ലാ കമ്മറ്റിയംഗമാണ് മിഥുന്. മിഥുന് പൊലീസ് സ്റ്റേഷനില്‍ എസ്ഐയുടെ തൊപ്പി ധരിച്ചിരിക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. അക്രമങ്ങള്‍ നടത്തിയതിന് നിരവധി തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടും മിഥുനിനെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചു വന്നിരുന്നത്.
പൊലീസും സിപിഎമ്മുമായുള്ള ബന്ധം വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ചിത്രം. മിഥുനിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി നിരവധി തവണ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സമീപ്പിച്ചിരുന്നിട്ടും പൊലീസ് തയ്യാറായിരുന്നില്ല. കഴിഞ്ഞ ദിവസം ബിജെപി ഏറ്റുമാനൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ആന്റണി അറയിലിനെ അക്രമിച്ചതും ഇതേ എസ്എഫ്ഐ നേതാവായിരുന്നു.
പൊലീസ് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പൊലീസ് ഉപരോധിച്ചിരുന്നു. തുടര്‍ന്ന് മിഥുനിനെ അറസ്റ്റ് ചെയ്തെങ്കിലും നിസാര വകുപ്പുകള്‍ ചുമത്തി സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പൊലീസ് സ്റ്റേഷനില്‍ ഒരുക്കിയ സ്വീകരണ ചിത്രത്തിന് മറുപടി പറയേണ്ടത് പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ്.