തിരുവനന്തപുരം: ഭരണ നിർവഹണ മേഖലകളിൽ അഴിമതി വ്യാപകമായിക്കൊണ്ടിരിക്കുന്നത് പുരോഗതിയെ പിന്നോട്ട് വലിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതിയെ ശക്തമായി ചെറുക്കാൻ നമുക്കാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ഉദ്യോഗതലത്തിലുള്ള അഴിമതി ശാപമാണ്. അതിനെ തകർക്കാൻ ശക്തമായ് ഇടപെടുവാൻ നമുക്കാകണമെന്നും അദ്ദേഹം പറഞ്ഞു.
ക്രമസമാധാനം, സ്ത്രീ സുരക്ഷ, ലിംഗ നീതി എന്നീ മേഖലകളിൽ വിട്ടുവീഴ്ച്ചയില്ലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിൽ എൻസഫലൈറ്റിസ് ബാധിച്ച് മരണമടഞ്ഞ കുഞ്ഞുങ്ങൾക്ക് മുഖ്യമന്ത്രി ആദരാഞ്ജലി അർപ്പിച്ചു.
സംസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തൽ മുഖ്യമന്ത്രി നിർവഹിച്ചു.
വിവിധ സേനാ വിഭാഗങ്ങളുടെയും, അശ്വാരൂഡ സേന, എൻസിസി, സ്റ്റുഡന്റ് കേഡറ്റുകളുടേയും അഭിവാദ്യം അദ്ദേഹം സ്വീകരിച്ചു. രാഷ്ട്രപതിയുടെ പൊലീസ് മെഡലുകളും മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകളും ചടങ്ങിൽ വിതരണം ചെയ്തു.