NewsGulf

സൗദി സഖ്യം മുന്നോട്ടുവച്ച ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറല്ലെന്ന് ഖത്തർ

ജനീവ: പ്രശ്ന പരിഹാര ച‍ർച്ചകൾക്കായി സൗദി സഖ്യം മുന്നോട്ടുവച്ച ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറല്ലെന്ന് ഖത്തർ അമീർ ആവർത്തിച്ചു. നിരുപാധിക ചർച്ചകൾക്കുമാത്രമേ തന്‍റെ രാജ്യം തയ്യാറുള്ളുവെന്നും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി യു.എൻ ജനറൽ അസംബ്ളിയിൽ വ്യക്തമാക്കി.

യു.എൻ പൊതുസഭയുടെ 72-ാം സെഷനിൽ സംസാരിക്കവേയാണ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പ്രശ്നപരിഹാര ചർച്ചകൾ നിരുപാധികമായിരിക്കണമെന്ന് ആവർത്തിച്ചത്. സൗദി സഖ്യം മുന്നോട്ടുവച്ച ആവശ്യങ്ങൾ ചർച്ചകൾക്കായി അംഗീകരിക്കാൻ ഒരുക്കമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുതാൽപര്യം മുൻനിർത്തി ജിസിസി രാജ്യങ്ങൾ ഇറാനുമായുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രശ്നപരിഹാര ചർച്ചകൾ നടക്കണമെങ്കിൽ തങ്ങൾ മുന്നോട്ടുവച്ച ഉപാധികൾ ഖത്തർ അംഗീകരിക്കണമെന്ന് സൗദി സഖ്യരാജ്യങ്ങൾ നേരത്തേ വ്യക്തമാക്കിയിരുന്നു. ഭീകരവാദികൾക്കുള്ള സഹായം അവസാനിപ്പിക്കുക, ഇറാനുമായുള്ള നയതന്ത്രബന്ധം വിഛേദിക്കുക, അൽ ജസീറ ചാനൽ ശൃംഘലയും ഖത്തറിലെ തുർക്കി സൈനിക താവളവും അടച്ചുപൂട്ടുക, പകയും വിദ്വേഷവും പടർത്തുന്ന പ്രകോപനപരമായ പ്രസ്താവനകൾ തടയുക തുടങ്ങി 13 ആവശ്യങ്ങളാണ് സൗദി സഖ്യം മുന്നോട്ടുവച്ചത്.

തീവ്രവാദികളെ സഹായിക്കുന്നുവെന്ന് ആരോപിച്ച് സൗദി, യു.എ.ഇ, ബഹ്‍റൈൻ, ഈജിപ്റ്റ് എന്നീ രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര, സാമ്പത്തിക,യാത്രാ ബന്ധങ്ങൾ വിഛേദിച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. ആരോപണങ്ങൾ നിഷേധിച്ച ഖത്തർ, തങ്ങൾക്കെതിരേ ഏകപക്ഷീയ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണെന്ന പ്രത്യാരോപണവുമായി രംഗത്തെത്തി. ഇരുകൂട്ടരും തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുന്നതിനാൽ പ്രശ്നം പരിഹാരമല്ലാതെ തുടരുകയാണ്.

ഭീകരവാദികൾക്കുള്ള സഹായം അവസാനിപ്പിക്കുക, ഭീകരവാദികൾക്കെതിരായ നടപടി ശക്തമാക്കുക, അവർക്ക് താവളം അനുവദിക്കാതിരിക്കുക, അയൽ രാജ്യങ്ങളുടെ ആഭ്യന്തര പ്രശ്നങ്ങളിൽ ഇടപെടാതിരിക്കുക എന്നീ ആവശ്യങ്ങളിൽ ഖത്തറിന്‍റെ ഭാഗത്തു നിന്നും ആത്മാർത്ഥമായ നടപടിയുണ്ടായാൽ പ്രശ്നപരിഹാരത്തിന് വഴിയൊരുങ്ങുമെന്നും പിന്നീട് സൗദി സഖ്യരാജ്യങ്ങളുടെ ചില പ്രതിനിധികൾ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴെല്ലാം തങ്ങൾക്കെതിരായ ഉപരോധം അവസാനിപ്പിക്കാതെ ചർച്ചയ്ക്കില്ലെന്ന നിലപാടിലായിരുന്നു ഖത്തർ.

പ്രശ്നം രൂക്ഷമായതുമുതൽ മധ്യസ്ഥ ശ്രമങ്ങളുമായി കുവൈറ്റ് അമീർ സജീവമായി രംഗത്തുണ്ട്. കുവൈറ്റിന് ഇക്കാര്യത്തിൽ മികച്ച പിന്തുണയാണ് അമേരിക്കയിൽ നിന്നും ലഭിക്കുന്നതും. പരിഹാര ശ്രമങ്ങളുമായി പ്രതിരോധ സെക്രട്ടറി റെക്സ് ടെല്ലേഴ്സൺ നേരിട്ട് സൗദി സഖ്യരാജ്യങ്ങളും ഖത്തറും കുവൈറ്റും സന്ദർശിച്ച് ചർച്ച നടത്തി.

തീവ്രവാദികൾക്കെതിരേ ശക്തമായ നടപടി ഉറപ്പുനൽകുന്ന ഉടമ്പടി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടെല്ലേഴ്സനുമായി ഖത്തർ ഒപ്പുവച്ചെങ്കിലും അത് എതിർചേരിക്ക് തൃപ്തികരമായ നടപടിയായില്ല. കഴിഞ്ഞ ആഴ്ച, കുവൈറ്റ് അമീറിന്‍റെ അമേരിക്കൻ സന്ദ‍ർശനത്തിനിടെ, വിഷയം ചർച്ച ചെയ്യുകയും പ്രസിഡന്‍റ് ട്രംപ് മധ്യസ്ഥതയ്ക്ക് സന്നദ്ധത അറിയിക്കുകയും ചെയ്തിട്ടുണ്ട്.

350 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close