ദുബായ് : ദുബായ് പൊലീസിന് അധികം വൈകാതെ റോബോട്ടിക് പൊലീസിന്റേയും ഡ്രൈവറില്ല പട്രോളിംഗ് കാറിന്റേയും ബൈക്കിന്റേയും സേവനം ലഭ്യമാകും. കൂടാതെ, ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്ക് സംഭവ സ്ഥലത്തു തന്നെ ഫൈന്‍ ടിക്കറ്റ് കൈമാറുന്ന ഡ്രൈവറില്ലാ വാഹനങ്ങളും പൊലീസിനൊപ്പം ചേരും. ഇവുയുടെ പ്രദര്‍ശനം ദുബായില്‍ നടക്കുന്ന ജൈടെക്സ് ടെക്നോളജി വീക്കില്‍ നടന്നു.
നഗര നിരീക്ഷണത്തിനുള്ള അതിനൂതന സംവിധാനങ്ങളാണ് ദുബായ് പൊലീസ് പ്രദര്‍ശിപ്പിച്ചത്. ഗതഗാത നിയമം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്ന ഇലക്ട്രോണിക് വാഹനങ്ങളും അധികം വൈകാതെ ദുബായ് പൊലീസിന്റെ ഭാഗമാകും. അതിവിദൂര സ്ഥലങ്ങളെ പോലും ഇതിലൂടെ നിയന്ത്രിക്കാന്‍ കഴിയും. അത്യാധുനിക സൗകര്യമുള്ള ഇരു ചക്രവാഹനവും ദുബായ് പൊലീസിന്റെ ഭാഗമാകും.
പറക്കും ബൈക്കിലൂടെയും ദുബായ് പൊലീസിന് ഇനി നഗര നിരീക്ഷണം നടത്താം. ഇവയെല്ലാം ബാറ്ററിയിലോടുന്ന പരിസ്ഥിതി സൗഹൃദ സാങ്കേതികതയിലാണ് പ്രവര്‍ത്തിക്കുന്നത് എന്നത് പ്രത്യേകതയാണ്. കൂടാതെ, യന്ത്രമനുഷ്യനും അധികം വൈകാതെ ദുബായ് പൊലീസ് സേനയിലുണ്ടാകും. തല്‍സമയ ദൃശ്യങ്ങള്‍ കണ്ട്രോള് റൂമിലെത്തിക്കുന്ന അതിനൂതന റഡാറുകളും ഹൈവേകളില്‍ സ്ഥാപിക്കും. അമിതവേഗവും, പാടില്ലാത്ത സ്ഥലത്ത് വാഹനം നിര്‍ത്തുന്നതും, അനുവദനീയമല്ലാത്ത സ്ഥലത്ത് റോഡ് മുറിച്ചു കടക്കുന്നവരേയും കുറിച്ച് അപ്പപ്പോള്‍ തന്നെ ഇതിലൂടെ പൊലീസിന് വിവരം ലഭിക്കും.