റിയാദ് : സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ് ഒരു സൗദി പൗരന്റെ സാഹസികത. റിയാദിലെ ഒരു പെട്രോള്‍ പമ്പില്‍ തീപിടിച്ച കാര്‍ വലിയ ഭീഷണി ഉയര്‍ത്തിയപ്പോള്‍, സ്വന്തം വാഹനമുപയോഗിച്ച് അതിനെ പമ്പില്‍ നിന്നും തള്ളിയകറ്റുന്ന വീഡിയോ ആണ് വ്യാപകമായി പ്രശംസ പിടിച്ചു പറ്റുന്നത്.
റിയാദിന് വടക്കുള്ള ഒരു പെട്രോള്‍ പമ്പില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. പെട്രോള്‍ സ്റ്റേഷനകത്ത് ഇന്ധനം നിറയ്ക്കുന്നതിന് തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു. തീ ആളിക്കത്താന്‍ തുടങ്ങിയതോടെ അടുത്ത് നിന്നവര്‍ എന്ത് ചെയ്യണമെന്നറിയാതെ പരിഭ്രാന്തരായി. അമ്പതോളം പേരാണ് പെട്രോള്‍ സ്റ്റേഷനിലും അതിനകത്തെ എ.ടി.എം മെഷീനിനും അടുത്തായി ഉണ്ടായിരുന്നത്, അതിലേറെ പേര് പരിസരത്തുമുണ്ടായിരുന്നു. ഈ സമയമാണ് മഗ്രിബ് പ്രാര്‍ത്ഥനയ്ക്കു ശേഷം പുറത്തിറങ്ങിയ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ റജ്ബാനെന്ന ചെറുപ്പക്കാരന് ഇത് കാണുന്നത്.
അല്പം കൂടി വൈകിയാല്‍ നിരവധിപ്പേരുടെ ജീവന് അപകടത്തിലാവുമെന്ന് തിരിച്ചറിഞ്ഞ സുല്‍ത്താന്‍, പിന്നൊന്നും ആലോചിച്ചില്ല, തന്റെ ഫോര്‍ വീല്‍ ഡ്രൈവില്‍ കയറി കത്തുന്ന വാഹനത്തിനടുത്തെത്തി അതിനെ പമ്പില്‍ നിന്നും ദൂരേക്ക് തള്ളി മാറ്റി. അതിനുശേഷം തന്റെ കാറിന്റെ മുന്‍ചക്രത്തില്‍ പിടിച്ച തീയണക്കാന്‍ കുറച്ചു ദൂരത്തേക്ക് ഡ്രൈവ് ചെയ്യേണ്ടിവന്നെന്ന് സുല്‍ത്താന്‍ പറഞ്ഞു. തുടര്‍ന്ന് പാഞ്ഞെത്തിയ അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കി.
ആര്‍ക്കും പരിക്കേല്‍ക്കാതെ തീ കെടുത്താന്‍ കഴിഞ്ഞതില്‍ ദൈവത്തിന് നന്ദി പറഞ്ഞ സുല്‍ത്താന്‍, രാജ്യത്തോടുള്ള കടമയാണ് നിര്‍വ്വഹിച്ചതെന്നും അവിടെ കൂടിയിരുന്നവരെ രക്ഷിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും പറഞ്ഞു. സ്വജീവന്‍ പണയംവച്ച് നിരവധിപ്പേരെ രക്ഷിച്ച സുല്‍ത്താനെ അധികാരികള്‍ ആദരിക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ ശക്തമായിട്ടുണ്ട്.